കൊച്ചി: കൊവിഡും ലോക്ക്ഡൗണും മൂലം സമ്പദ്‌വ്യവസ്ഥയുടെ ഭാവി അനിശ്‌ചിതത്വത്തിൽ ആയതോടെ,​ പ്രാരംഭ ഓഹരി വില്പനയ്ക്ക് (ഐ.പി.ഒ)​ ഇന്ത്യയിൽ ഡിമാൻഡ് ഇടിയുന്നു. വെറും നാല് കമ്പനികളാണ് നടപ്പു സാമ്പത്തിക വർഷത്തെ (2020-21)​ ആദ്യപാദത്തിൽ (ഏപ്രിൽ-ജൂൺ)​ ഐ.പി.ഒ വഴി ഓഹരി വിപണിയിൽ എത്തിയത് (ലിസ്‌റ്രിംഗ്)​. നാലും ചെറുകിട-ഇടത്തരം സംരംഭങ്ങളാണ് (എസ്.എം.ഇ)​.

20.8 കോടി ഡോളറാണ് (ഏകദേശം 1,​500 കോടി രൂപ)​ നാലു കമ്പനികളും കൂടി സമാഹരിച്ചത്. വൻകിട കമ്പനികളൊന്നും കഴിഞ്ഞപാദത്തിൽ ഐ.പി.ഒയ്ക്ക് ശ്രമിച്ചില്ല. 2020ന്റെ ആദ്യപകുതിയിൽ (ജനുവരി-ജൂൺ)​ 17 കമ്പനികളാണ് ഐ.പി.ഒ സംഘടിപ്പിച്ചത്. അതിൽ എസ്.ബി.ഐ കാർഡ്സ് ഒഴികെയുള്ളവയെല്ലാം എസ്.എം.ഇകളാണ്. ഈവർഷം ലിസ്‌റ്ര് ചെയ‌്ത കമ്പനികളിൽ പാതിയോളവും നെഗറ്രീവ് റിസൾട്ടാണ് ഇതുവരെ നിക്ഷേപകർക്ക് നൽകിയതെന്നതും പുതിയ ഐ.പി.ഒ നീക്കങ്ങളിൽ മങ്ങലേൽപ്പിക്കുന്നു.

755 രൂപയ്ക്ക് ഐ.പി.ഒ നടന്ന എസ്.ബി.ഐ കാർഡ്‌സ് സമാഹരിച്ചത് 7,​571.10 കോടി രൂപയായിരുന്നു. മാർച്ച് 16നായിരുന്നു ഐ.പി.ഒ. തുടർന്നിങ്ങോട്ട് ഓഹരി വിലയിലുണ്ടായ ഇടിവ് 16.42 ശതമാനം. മാധവ് കോപ്പർ (-33.33 ശതമാനം)​,​ ചന്ദ്ര ഭഗത് ഫാർമ (-13.14 ശതമാനം)​,​ ട്രാൻവേ ടെക്‌നോളജീസ് (-13.50 ശതമാനം)​,​ ജിയാൻ ലൈഫ് കെയർ (-18.18 ശതമാനം)​,​ വലെൻസിയ ന്യൂട്രീഷൻ (-11.41 ശതമാനം)​ എന്നിവയാണ് നെഗറ്രീവ് 10 ശതമാനത്തിനുമേൽ നഷ്‌ടം കുറിച്ച മറ്ര് ഓഹരികൾ.

കൊഴിയുന്ന ഡിമാൻഡ്

35

2019ന്റെ ആദ്യപകുതിയിൽ ഏഴ് വൻകിട കമ്പനികൾ ഉൾപ്പെടെ 35 കമ്പനികളാണ് ഐ.പി.ഒ വഴി ഓഹരി വിപണിയിൽ ലിസ്‌റ്ര് ചെയ്‌തത്.

17

ഈവർഷത്തെ ആദ്യപകുതിയിൽ ഓഹരി വിപണിയിൽ എത്തിയത് 17 കമ്പനികൾ. 16 കമ്പനികളും എസ്.എം.ഇകളാണ്.