മെല്‍ബണ്‍:കൊവിഡ്-19 മഹാമാരിയില്‍ നിന്ന് രക്ഷ നേടാനാകാതെ ലോകം പൊരുതുകയാണ്. ലോകത്താകെ ഒരു കോടിയിലേറെ ആളുകളാണ് കൊറോണ വൈറസിന്റെ പിടിയിലായത്. അഞ്ചേകാല്‍ ലക്ഷത്തിലേറെ ആളുകള്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. നിലവില്‍ പ്രതിദിന രോഗബാധ ഏറ്റവും കൂടുതല്‍ ബ്രസീലിലും ചൈനയിലും ഇന്ത്യയിലുമാണ്. അതിനിടയില്‍ രോഗവ്യാപനം അവസാനിച്ചുവെന്ന് കരുതിയ പല രാജ്യങ്ങളിലും രണ്ടാം തരംഗം ഭീതി പടര്‍ത്തുകയാണ്.ചൈനയില്‍ തുടങ്ങിയ വൈറസ് ഇന്ന് ലോകത്ത് 213 രാജ്യങ്ങളിലാണ് സാന്നിധ്യം അറിയിച്ചത്. ലോകത്താകെ 11228751 രോഗബാധിതരാണുള്ളത്.
കൊവിഡിന്റെ രണ്ടാം തരംഗം ഭീതി പടര്‍ത്തിയതിനെ തുടര്‍ന്ന് ചൈനയില്‍ രണ്ടാഴ്ച മുമ്പാണ് പ്രതിരോധം കര്‍ശനമാക്കിയത്. ആദ്യഘട്ടത്തില്‍ ചൈനയിലാണ് രോഗവ്യാപനം തീവ്രമായതെങ്കില്‍, ഇത്തവണ ബെയ്ജിങ്ങിലാണ് വൈറസ് ഭീഷണി രൂക്ഷമായത്. ബെയ്ജിങ്ങില്‍ മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയയിലും പുതിയ കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക പടര്‍ത്തിയിരുന്നു. യൂറോപ്പില്‍ ആദ്യം കൊവിഡ് രൂക്ഷമായത് ഇറ്റലിയിലാണ്. തൊട്ടുപിന്നാലെ സ്‌പെയിനിലാണ് കൂട്ടമരണം റിപ്പോര്‍ട്ട് ചെയ്തത്. യൂറോപ്പില്‍ ആദ്യം ദേശീയ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രാജ്യം സ്‌പെയിനായിരുന്നു. പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറയുകയും പ്രതിദിന മരണസംഖ്യ 100-ല്‍ താഴെയാകുകയും ചെയ്ത ശേഷം മാത്രമാണ് രണ്ട് മാസത്തോളം നീണ്ടുനിന്ന ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കിത്തുടങ്ങിയത്. 297625 പേരാണ് സ്‌പെയിനില്‍ രോഗബാധിതരായത്. 28385 പേര്‍ മരിച്ചു. ഒരു മരണം പോലുമില്ലാത്ത ദിവസങ്ങള്‍ ഏറെ കടന്നുപോയതോടെ രാജ്യം ആശ്വസിച്ച് തുടങ്ങുകയായിരുന്നു. ആളുകള്‍ പുറത്തിറങ്ങുകയും ജീവിതം സാധാരണ നിലയിലേക്ക് നീങ്ങുകയും ചെയ്തു. അതിനിടയിലാണ് രണ്ടാം ഘട്ട വ്യാപനം ആശങ്ക വിതയ്ക്കുന്നത്.
ആദ്യഘട്ടത്തില്‍ സ്‌പെയിനിലെ രോഗികളില്‍ ഏറെയും മാഡ്രിഡിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കാറ്റലോണിയ മേഖലയിലാണ്. ബാഴ്‌സലോണ ഉള്‍പ്പെട്ട കാറ്റലോണിയയില്‍ പ്രാദേശിക ഭരണകൂടം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ 210000-ലേറെ ആളുകളാണ് വീടുകളില്‍ കുടുങ്ങിയത്. ശനിയാഴ്ച ഉച്ച മുതലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. വെസ്റ്റ് ബാഴ്‌സലോണയിലെ സെര്‍ജിയയിലാണ് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്.
ഓസ്‌ട്രേലിയയും കൊറോണ വൈറസിന്റെ രണ്ടാം വരവിനെ ഭീതിയോടെ കാണുകയാണ്. വിക്‌ടോറിയ സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 108 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ പ്രതിദിന രോഗബാധയാണിത്. വിക്‌റ്റോറിയ സംസ്ഥാനത്തെ മെല്‍ബണ്‍ നഗരത്തിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മെല്‍ബണില്‍ 23 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. മെല്‍ബണ്‍ നഗരത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമ്പത് പാര്‍പ്പിട സുച്ചയങ്ങള്‍ പൂര്‍ണമായും അടച്ചുപൂട്ടിയിരിക്കുകയാണ്. ആളുകള്‍ അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് വിക്ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ് നിര്‍ദേശിച്ചു. ഓസ്‌ട്രേലിയയിലാകെ 8362 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. 104 പേരാണ് മരിച്ചത്.