trivandrum

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ആശങ്ക. ജില്ലയിൽ ഇന്നുമാത്രം 22 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നതായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് ജില്ലയിൽ ആകെ 27 പേരിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ആകമാനം 38 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നതായി ഇന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 14 പേർക്ക് യാത്രാപശ്ചാത്തലമില്ല.

മണക്കാട്, പൂന്തുറ, വള്ളക്കടവ്, പേട്ട, കമലേശ്വരം, ആറ്റുകാൽ, മുട്ടത്തറ, ഉച്ചക്കട, പുല്ലുവിള എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് രോഗം വന്നിട്ടുള്ളത്. തിരുവനന്തപുരത്ത് മണക്കാട്, പൂന്തുറ മേഖലകളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. തലസ്ഥാനത്ത് സാമൂഹിക വ്യാപന സാദ്ധ്യതയെന്ന് മേയർ കെ. ശ്രീകുമാർ പ്രതികരിച്ചു.

കർശന നിയന്ത്രണങ്ങളിലേക്ക് പോകേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ രൂക്ഷ സാഹചര്യത്തിൽ തീരദേശ പ്രദേശങ്ങളിലും കടുത്ത ജാഗ്രത പുലർത്തുമെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്താകെ 38 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

തിരുവനന്തപുരത്തെ കൂടാതെ, കോഴിക്കോട് ജില്ലയിലെ 5 പേര്‍ക്കും, കാസര്‍ഗോഡ് 4 പേര്‍ക്കും, എറണാകുളം 3 പേര്‍ക്കും, മലപ്പുറം 2 പേര്‍ക്കും, കൊല്ലം, ആലപ്പുഴ ജില്ലകളിലെ ഒരാള്‍ക്ക് വീതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതേസമയം, ഇന്ന് 225 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.

പാലക്കാട് ജില്ലയില്‍ 29 പേര്‍ക്കും, കാസര്‍ഗോഡ് 28 പേര്‍ക്കും, തിരുവനന്തപുരം 27 പേര്‍ക്കും, മലപ്പുറം 26 പേര്‍ക്കും, കണ്ണൂര്‍ 25 പേര്‍ക്കും, കോഴിക്കോട് 20 പേര്‍ക്കും രോഗം ബാധിച്ചു. ആലപ്പുഴ 13, എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ 12 വീതം, കൊല്ലം 10, കോട്ടയം 8, ഇടുക്കി, വയനാട് ജില്ലകളില്‍ 6, പത്തനംതിട്ട 3 എന്നിങ്ങനെയാണ് കൊവിഡ് ബാധിതരുടെ കണക്ക്.