kosi

നൈനിറ്റാൾ: ഉത്തരാഖണ്ഡിൽ കോസി നദിയിൽ മുങ്ങി മൂന്ന് സ്ത്രീകൾ മരണമടഞ്ഞു. നൈനിറ്റാളിലെ ചമാദിയ ഗ്രാമത്തിലുള്ള കമലാ ദേവി (30), ലളിതാ ദേവി (30), ലതാ ദേവി (26) എന്നിവരാണ് മരണമ‌ടഞ്ഞത്. ഇന്നലെ രാവിലെയാണ് സംഭവം. ഇതിൽ കമലയുടെയും ലളിതയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ലതാദേവിക്കായി തിരച്ചിൽ തുടരുകയാണ്. നദിക്ക് അക്കരെ നിന്ന് കന്നുകാലികൾക്ക് തീറ്റ ശേഖരിക്കാൻ പോയതായിരുന്നു മൂവരും. കനത്ത മഴയെ തുടർന്ന് നദിയിൽ ഒഴുക്ക് ശക്തമായിരുന്നു. ഈ ഒഴുക്കിൽ മൂവരും പെട്ടുപോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇവർ ഒഴുകിപ്പോകുന്നതു കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിലാണ് രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.