കാൺപൂർ: ഡി.വൈ.എസ്.പിയടക്കം എട്ടു പൊലീസുകാരെ വെടിവച്ചു കൊന്ന സംഭവത്തിൽ കാൺപൂരിലെ കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയ്ക്ക് പൊലീസിൽ നിന്ന് വിവരം ചോർത്തി നൽകിയതായി മൊഴി. ഇന്നലെ രാവിലെ പിടിയിലായ ദുബെയുടെ കൂട്ടാളികളിൽ ഒരാളായ ദയാശങ്കർ അഗ്നി ഹോത്രിയാണ് പൊലീസിന് ഇതു സംബന്ധിച്ച മൊഴി നൽകിയിരിക്കുന്നത്. പൊലീസുകാർ ചൗബേപൂർ സ്റ്റേഷനിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ പൊലീസ് സ്റ്റേഷനിൽ നിന്ന് ദുബെയ്ക്ക് ഫോൺ സന്ദേശം എത്തിയിരുന്നുവെന്നാണ് മൊഴി. തുടർന്ന് മുപ്പതോളം പേരെ ദുബെ വിളിച്ചതായും ദയാശങ്കറിന്റെ മൊഴിയിലുണ്ട്. എൻകൗണ്ടർ നടക്കുമ്പോൾ താൻ മുറിയടച്ചിരിക്കുകയായിരുന്നെന്നും അതിനാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി അറിയില്ലെന്നും ദയാശങ്കർ പറയുന്നു. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ചൗബേപൂർ സ്റ്റേഷനിലെ ഇൻ ചാർജായിരുന്ന രാഹുൽ തിവാരിയെയും അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. ഇയാളാണ് ദുബെയ്ക്ക് വിവരം ചോർത്തി നൽകിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ തയാറാക്കാൻ തിവാരി വിസമ്മതിച്ചതായും പൊലീസ് ഓപ്പറേഷൻ പ്ളാൻ ചെയ്തപ്പോൾ പങ്കെടുക്കാതെ മുങ്ങിയതായും ഉന്നത ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നു. കാൺപൂരിലെ സിവിൽ സബ് സ്റ്റേഷൻ ഉദ്യോഗസ്ഥനായ ഛത്രപാൽ സിംഗിന്റെ മൊഴിയും നിർണായകമാണ്. ജൂലായ് മൂന്നിന് ബിക്കാരു ഗ്രാമത്തിൽ ലൈൻ കമ്പി പൊട്ടി കിടക്കുന്നതിനാൽ പവർ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ഫോൺ വന്നിരുന്നുവെന്നാണ് ഛത്രപാൽ സിംഗ് മൊഴി നൽകിയിരിക്കുന്നത്.
പാരിതോഷികം ഉയർത്തി
വികാസ് ദുബെയെ പിടികൂടാൻ സഹായിക്കുന്നവർക്ക് നൽകുന്നവർക്കുള്ള പാരിതോഷിക തുക വർദ്ധിപ്പിച്ച് കാൺപൂർ പൊലീസ്. 50000ൽ നിന്ന് ഒരു ലക്ഷം രൂപയായാണ് തുക ഉയർത്തിയിരിക്കുന്നത്.