4g

ന്യൂഡൽഹി: ചൈനീസ് കമ്പനികളെ കേന്ദ്രം വിലക്കിയതോടെ,​ ബി.എസ്.എൻ.എല്ലിന് 4ജി ലഭ്യമാക്കാനുള്ള ടെൻഡറിൽ പങ്കെടുക്കാൻ ടെക് മഹീന്ദ്രയും ഒരുങ്ങുന്നു. ലഡാക്ക് സംഘർഷത്തിന്റെ പശ്‌ചാത്തലത്തിലാണ് ചൈനീസ് കമ്പനികളായ ഹുവാവേ,​ സെഡ്.ടി.ഇ എന്നിവയിൽ നിന്ന് ഉപകരണങ്ങൾ വാങ്ങേണ്ടെന്ന് ബി.എസ്.എൻ.എല്ലിനോട് കേന്ദ്രസർക്കാർ നിർദേശിച്ചത്.

രാജ്യത്തെ 47,​000 കേന്ദ്രങ്ങളിൽ 4ജി സൗകര്യം ഒരുക്കുകയാണ് ബി.എസ്.എൻ.എല്ലിന്റെ ലക്ഷ്യം. ബി.എസ്.എൻ.എല്ലിന് 4ജി/5ജി സംവിധാനങ്ങൾ ഒരുക്കാനുള്ള സാങ്കേതികവിദ്യ ടെക് മഹീന്ദ്രയ്ക്കുണ്ടെന്ന് സി.ഇ.ഒ സി.പി. ഗുർനാനി പറഞ്ഞു. 4ജി/5ജി എന്നിവയുടെ രൂപകല്പനയ്ക്കും നിർമ്മാണത്തിനുമായി പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ ലിമിറ്രഡുമായി ടെക് മഹീന്ദ്ര ധാരണയിൽ എത്തിയിരുന്നു. ഐ.ടി.ഐ ലിമിറ്റഡുമായി ചേർന്നാകും ബി.എസ്.എൻ.എൽ 4ജിക്കുള്ള ടെൻഡറിൽ ടെക്‌ മഹീന്ദ്ര പങ്കെടുക്കുക. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ഐ.ടി കമ്പനിയായ ടെക് മഹീന്ദ്ര,​ ടെലികോം കമ്പനികൾക്ക് നൽകിയ വിവിധ സേവനങ്ങളിലൂടെയാണ് കഴിഞ്ഞവർഷത്തെ മൊത്തം വരുമാനമായ 520 കോടി ഡോളറിന്റെ പാതിയോളവും നേടിയത്.

നിരക്ക് കൂട്ടാൻ

ടെലികോം

കമ്പനികൾ

അടുത്ത 18 മാസത്തിനകം ടെലികോം കമ്പനികൾ രണ്ടുഘട്ടമായി നിരക്കുകൾ കൂട്ടിയേക്കും. നിരക്കുവർദ്ധന അനിവാര്യമാണെന്നും ഡേറ്ര,​ ടോക്ക്‌ടൈം പാക്കുകളുടെ നിരക്കിൽ ആദ്യ വർദ്ധന ആറുമാസത്തിനകം പ്രതീക്ഷിക്കാമെന്നും കൺസൾട്ടിംഗ് സ്ഥാപനമായ എൺസ്‌റ്ര് ആൻഡ് യംഗ് അഭിപ്രായപ്പെട്ടു. ശരാശരി ഉപഭോക്തൃ വരുമാനത്തിൽ (എ.ആർ.പി.യു)​ 80 ശതമാനം വരെ വർദ്ധനയാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഡിസംബറിലാണ് അവസാനമായി,​ കമ്പനികൾ നിരക്കുകൾ പരിഷ്‌കരിച്ചത്.