അത്‌ലറ്റിക് ക്ളബിനെ 1-0 ത്തിന് തോൽപ്പിച്ച റയൽ മാഡ്രിഡിന് സ്പാനിഷ് ലാ ലിഗയിൽ നാലു പോയിന്റ് ലീഡ്
മാഡ്രിഡ് : ഇന്നലെ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അത്‌ലറ്റിക് ക്ളബിനെ തോൽപ്പിച്ച റയൽ മാഡ്രിഡ് സ്പാനിഷ് ലാലിഗയിലെ തങ്ങളുടെ ലീഡ് നാലു പോയിന്റായി ഉയർത്തി.
ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം 73-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ് റയൽ വിജയം കണ്ടത്. നായകൻ സെർജി റാമോസാണ് പെനാൽറ്റി ഗോളാക്കിയത്. മാഴ്സെലോയെ മറിച്ചിട്ടതിന് വാറിന്റെ സഹായത്തോടെയാണ് റഫറി പെനാൽറ്റി അനുവദിച്ചത്.
ഇൗ വിജയത്തോടെ റയലിന് 33 മത്സരങ്ങളിൽ നിന്ന് 74 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ബാഴ്സലോണയ്ക്ക് 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റേ നേടാനായുള്ളൂ. അഞ്ച് മത്സരങ്ങൾ വീതമാണ് റയലിനും ബാഴ്സയ്ക്കും ഇനി ശേഷിക്കുന്നത്.