ബംഗളുരു: കൊവിഡ് രോഗം ബാധിച്ച് മരിച്ചുവെന്ന് സംശയിക്കപ്പെടുന്നയാളുടെ മൃതദേഹം ഉപേക്ഷിക്കപ്പെട്ട നിലയിൽ. കര്‍ണാടകയിലെ ഹവേരി ജില്ലയിലാണ് സംഭവം. പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ് നിലയിലാണ് മൃതശരീരം കാണപ്പെട്ടത്. റാണബെണ്ണൂര്‍ താലൂക്ക് ആശുപത്രിക്ക് സമീപത്ത് ബസ് സ്റ്റാന്‍ഡിൽ മൂന്ന് മണിക്കൂർ നേരത്തോളം മൃതദേഹം കിടക്കുകയും ചെയ്തു.
45കാരന്റെ മുതദേഹമാണ് മൂന്ന് മണിക്കൂറോളം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നത്. കടുത്ത പനി കാരണം ജൂണ്‍ 28നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 28ന് തന്നെ ഇയാളുടെ സ്രവ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ പരിശോധനാ വാങ്ങാനായി എത്തുകയും ചെയ്തിരുന്നു.
ഫലം വരുന്നത് വരെ പുറത്ത് ബസ് സ്‌റ്റോപ്പില്‍ പോയി വിശ്രമിക്കാനാണ് ആശുപത്രി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ അല്‍പ്പസമയം കഴിഞ്ഞ് അവിടെവച്ച് ഇയാൾ മരിക്കുകയാണ് ഉണ്ടായത്.
തുടർന്ന്, ഇക്കാര്യം അറിഞ്ഞെത്തിയ ആശുപത്രി ജീവനക്കാര്‍ മൃതദേഹം പി.പി.ഇ കിറ്റില്‍ പൊതിഞ്ഞ് അവിടെതന്നെ ഉപേക്ഷിച്ച് പോവുകയുമായിരുന്നു. എന്നാല്‍ അധികം വൈകാതെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ആശുപത്രി ജീവനക്കാര്‍ എത്തി മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോയി.