തിരുവനന്തപുരം : കൊവിഡ് സാമൂഹ്യവ്യാപന ഭീഷണിയെ തുടർന്ന് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തിരുവനനന്തപുരം കോര്‍പറേഷന്‍ പരിധിയിലെ കെ..എസ്.ആർ.ടി.സി ഡിപ്പോകള്‍ അടച്ചിടും. പ്രധാന ബസ് ടെര്‍മിനലായ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോ ഉള്‍പ്പെടെയുള്ളവയാണ് അടയ്ക്കുന്നത്. സിറ്റി ,വികാസ്ഭവന്‍, പേരൂര്‍ക്കട ,പാപ്പനംകോട് ഡിപ്പോകള്‍ അടയ്ക്കും.
തമ്പാനൂരിലേക്ക് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ ജില്ലയിലെ മറ്റു പ്രധാന കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളായ ആറ്റിങ്ങല്‍, കിളിമാനൂര്‍, സ്റ്റാൻഡുകള്‍ കേന്ദ്രീകരിച്ച് ഓപ്പറേറ്റ് ചെയ്യാനാണ് കെ..എസ്.ആർ.ടി.സി ആലോചിക്കുന്നത്. കോര്‍പ്പറേഷനോട് ചേര്‍ന്നുവരുന്ന കണിയാപുരം, നെടുമങ്ങാട്, വിഴിഞ്ഞം ഡിപ്പോകള്‍ അടയ്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
അതേസമയം, പൊലീസ് ആസ്ഥാനം തുറന്നുപ്രവര്‍ത്തിക്കും. കോടതികള്‍ അടച്ചിടും. സെക്രട്ടേറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും. ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഒരു പ്രദേശത്ത് ഒരു കട മാത്രമേ തുറക്കാന്‍ അനുവദിക്കുകയുള്ളു. മെഡിക്കല്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം.