kk-shailaja

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് തിരുവനന്തപുരത്ത് കൊവിഡ് രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിലെ ആളുകളെ നിരീക്ഷിക്കുന്നതിനും അവർ പുറത്ത് പോകാതെ സൂക്ഷിച്ചുകൊണ്ട് അവരെയാകെ പരിശോധിക്കാൻ വേണ്ടിയുമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ. ലോക്ക്ഡൗണിൽ നാം വിജയിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും എന്നാൽ കൊവിഡ് വൈറസ് എന്നത് വളരെ പ്രയാസകരമായ ഒരു വൈറസ് ആണെന്ന് നാം മനസിലാക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

ഒരു നിമിഷം പോലും പാഴാക്കാതെ കണ്ണും കാതും തുറന്നിരുന്ന് നമ്മുടെ ആരോഗ്യ പ്രവർത്തകരും പൊലീസും ക്ഷീണിച്ചുവെന്നും എന്നിരുന്നാലും അവർ തളരാതെ നോക്കി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഫലം നമ്മുക്ക് ഇതുവരെ ഉണ്ടായിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കാര്യങ്ങൾ കൈവിട്ട് പോകില്ല എന്നുതന്നെയാണ് കരുതുന്നത്. പക്ഷെ വളരെ കർശനമായ നടപടികളിലേക്ക് നാം പോകേണ്ടതുണ്ട്. ആൾക്കാർ കൂട്ടം കൂടരുത്. കൈകൾ കഴുകണം. മാസ്ക് ധരിക്കണം. വ്യക്തിപരമായി അകലം പാലിക്കണം. ഓരോ വ്യക്തിക്കും ഇതിൽ ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന ഉപദേശനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ടുവരാനുള്ള തീരുമാനം കൈക്കൊണ്ടത്. നാളെ രാവിലെ ആറ് മണി മുതൽ ഒരാഴ്ചത്തേക്കാണ് ജില്ലയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ സർക്കാർ കൊണ്ടുവരുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണമുണ്ടാകുക.

തലസ്ഥാനത്തെ ജനങ്ങളെല്ലാം അവരവരുടെ വീട്ടിൽ തന്നെ തുടരണം എന്നാണ് ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സംസ്ഥാന പൊലീസ് മേധാവി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി. കടകൾ പ്രവർത്തിക്കുമെന്നും എന്നാൽ പോയി വാങ്ങാൻ അനുവദിക്കില്ലെന്നും അദ്ദേഹം അറിയിച്ചു. മരുന്ന് കടകളിൽ പോകാൻ സത്യവാങ്മൂലം നൽകേണ്ടതുണ്ട്.