കൊച്ചി:പെയിന്റിന്റെ മണമുള്ള പെര്‍ഫ്യൂം, ചീസിന്റെ മണമുള്ളത്, രക്തത്തിന്റെ മണമുള്ളത് എന്ന് വേണ്ട പല തരം പുഷ്പങ്ങളുടെയും ഗന്ധമുള്ള പെര്‍ഫ്യൂം വരെ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ നമ്മളില്‍ ആരും ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പെര്‍ഫ്യൂം ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചാവിഷയം.യു ഡേ സ്‌പേസ് എന്ന് പേരുള്ള ബഹിരാകാശത്തിന്റെ ഗന്ധമുള്ള പെര്‍ഫ്യൂം.വിശ്വാസമാകുന്നില്ല അല്ലേ? തട്ടിപ്പൊന്നും അല്ല.സംഭവം സത്യമാണ്.അമേരിക്കയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന നാസയ്ക്ക് വേണ്ടിയാണ് ആദ്യം ഈ ഗന്ധമുള്ള പെര്‍ഫ്യൂം തയ്യാറാക്കിയത്.
ഒമേഗ ഇന്‍ഗ്രീഡിയന്റ്‌സ് എന്ന കമ്പനിയുടെ സ്ഥാപകനും രസതന്ത്ര ശാസ്ത്രജ്ഞനുമായ സ്റ്റീവ് പിയേഴ്‌സ് ആണ് യു ഡേ സ്‌പേസ് പെര്‍ഫ്യൂമിന് പിന്നില്‍. ബഹിരാകാശത്തേക്ക് പോകുന്ന പര്യവേക്ഷകര്‍ക്ക് അവിടത്തെ സാഹചര്യവുമായി മുന്‍കൂട്ടി പൊരുത്തപ്പെടാന്‍ ആണ് ഈ പെര്‍ഫ്യൂം തയ്യാറാക്കിയത്. ഇപ്പോള്‍ പൊതുജനങ്ങള്‍ക്കും ഈ ഗന്ധമുള്ള പെര്‍ഫ്യൂം വാങ്ങാൻ സാധിക്കും.എന്തായിരിക്കും ബഹിരാകാശത്തിന്റെ ഗന്ധം? ഈ ചോദ്യമാവും നിങ്ങളുടെ മനസ്സിലിപ്പോഴുണ്ടാകുക.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മുന്‍പ് പോയിട്ടുള്ള പര്യവേക്ഷകന്‍ പെഗ്ഗി വൈറ്റ്‌സണ്‍ 2002-ല്‍ സിഎന്‍എന്‍-ന് നല്‍കിയ അഭിമുഖത്തില്‍ വെടിവച്ചതിന് ശേഷം ഉടന്‍ തോക്കില്‍ നിന്നുയരുന്ന ഗന്ധമാണ് ബഹിരാകാശത്തിന്റെ ഗന്ധം എന്ന് പറയുന്നു.
'ബഹിരാകാശ പര്യവേക്ഷകരുടെ വാക്കുകളില്‍ ഗണ്‍ പൗഡറിന്റെയും, സ്റ്റീകിന്റെയും, റാസ്പബെറിയുടെയും റമ്മിന്റെയും എല്ലാം ചേര്‍ന്ന ഒരു ഗന്ധമാണ് പെര്‍ഫ്യൂമിന്,' യു ഡേ സ്പേസിന്റെ പ്രോഡക്റ്റ് മാനേജര്‍ മാറ്റ് റിച്ച്മണ്ട് പറയുന്നു.വ്യത്യസ്തമായ ഗന്ധമുള്ള പെര്‍ഫ്യൂമുകളില്‍ അടുത്തിടെ പുത്തന്‍ കാറിന്റെ മണമുള്ള പെര്‍ഫ്യൂമും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.യു ഡേ ന്യൂ കാര്‍ എന്ന് പേരിട്ടിരിക്കുന്ന പെര്‍ഫ്യൂം പരത്തുന്നത് പുത്തന്‍ കാറിന്റെ ഉള്‍വശത്തെ ഗന്ധം ആണ്.