കൊച്ചി: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. എറണാകുളം തോപ്പുംപടി സ്വദേശിയായ യൂസഫ് സൈഫുദീൻ ആണ് രോഗം ബാധിച്ച് മരിച്ചത്. 66 വയസായിരുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിച്ച ഇദ്ദേഹം കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബ്രോഡ്‌വേയിൽ വ്യാപാരിയായി ജോലി നോക്കിയിരുന്നയാളാണ്.
എറണാകുളം മാർക്കറ്റിൽ നിന്നുമാണ് സമ്പർക്കം വഴി ഇദ്ദേഹത്തിന് രോഗം പകർന്നത്. മാർക്കറ്റ് പ്രദേശത്താണ് രോഗം സ്ഥിരീകരിച്ചിരുന്ന തൃശൂർ സ്വദേശിയുടെ കടയുടെ അടുത്തായി യൂസഫിന് ഗോഡൗൺ ഉണ്ടായിരുന്നു. അവിടെ നിന്നുമാണ് യൂസഫിന് രോഗം പകർന്നത്. ജൂൺ എട്ടിനാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ഇദ്ദേഹത്തെണ് കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യ ദിവസങ്ങളിൽ തന്നെ ഇദ്ദേഹത്തിന് ശ്വാസകോശങ്ങളിൽ ന്യുമോണിയ ബാധിച്ചിരുന്നു. തുടർന്നു കഴിഞ്ഞ ദിവസങ്ങളിൽ യൂസഫിന്റെ ആരോഗ്യ നില ഗുരുതരമാകുകയും ചെയ്തു. ശേഷം വൃക്കയുടെ പ്രവർത്തനവും തകരാറിലായി.
ഇദ്ദേഹത്തിന് പ്രമേഹമുണ്ടായിരുന്നതും പ്രമേഹം പെട്ടെന്ന് ഉയർന്നതും സ്ഥിതി വഷളാക്കിയിരുന്നു. തുടർന്ന് ഓക്സിജൻ നൽകികൊണ്ട് ഇദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയായിരുന്നു.
ഇദ്ദേഹത്തിന്റെ മൂന്ന് കുടുംബാംഗംങ്ങൾക്കും യൂസഫിന്റെ സ്ഥാപനത്തിലെ മൂന്നു ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തോടെ തന്നെ ആരോഗ്യനില ഗുരുതരമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.