കൊച്ചി: ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യയിലെ പ്രധാനികളാണ് സിറ്റി സെഡാന്‍.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹോണ്ട ഇന്ത്യന്‍ വിപണിയില്‍ കാലെടുത്തുവച്ചതുതന്നെ സിറ്റി സെഡാനുമായാണ്. ഇപ്പോഴും ഹോണ്ടയുടെ ശ്രേണിയിലെ ഏറ്റവും ഡിമാന്റുള്ള മോഡല്‍ ആണ് സിറ്റി. അതിനിടെ കഴിഞ്ഞ വര്‍ഷം നവംബറില്‍ അഞ്ചാം തലമുറ സിറ്റിയെ ഹോണ്ട തായ്ലന്‍ഡ് വിപണിയില്‍ അവതരിപ്പിച്ചു. അധികം താമസമില്ലാതെ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അഞ്ചാം തലമുറ ഹോണ്ട സിറ്റി ഇന്ത്യന്‍ വിപണിയിലും എത്തേണ്ടതായിരുന്നു. അപ്രതീക്ഷിതമായി എത്തിയ കൊറോണ വൈറസ് വ്യാപനവും തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണും പുത്തന്‍ സിറ്റിയുടെ ലോഞ്ച് അനിശ്ചിതമായി നീട്ടി.
2020 ഹോണ്ട സിറ്റി ഇനി വില്പനക്കെത്തുകയാണ്.ഈ മാസം 15-ന് ഹോണ്ട കാര്‍സ് ഇന്ത്യ പുത്തന്‍ സിറ്റി സെഡാന്‍ ലോഞ്ച് ചെയ്യും. ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ മാസം 25-ന് തന്നെ പുത്തന്‍ സിറ്റിക്കായുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു. ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നേരിട്ട് ചെന്നോ ഓണ്‍ലൈന്‍ ആയോ ബുക്ക് ചെയ്യാം. ഡീലര്‍ഷിപ്പുകളില്‍ നേരിട്ട് ചെന്ന് ബുക്ക് ചെയ്യുമ്പോള്‍ 21,000 രൂപയും ഓണ്‍ലൈന്‍ ബുക്കിങ്ങിന് 5,000 രൂപയുമാണ് ബുക്കിങ് ടോക്കണ്‍ തുക.ഹോണ്ട കാറുകളിലെ സ്ഥിരം സാന്നിധ്യമായ വീതിയേറിയ സിംഗിള്‍ സ്ലാറ്റ് ക്രോം ഗ്രില്‍, ഗ്രില്ലിനു ഇരു വശത്തും വീതികുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് മുന്‍കാഴ്ചയില്‍ പുത്തന്‍ സിറ്റിയുടെ ആകര്‍ഷണങ്ങള്‍. വശങ്ങളിലെ പ്രധാന ആകര്‍ഷണം ഹെഡ്‌ലാംപ് മുതല്‍ ടെയില്‍ലാംപ് വരെ നീണ്ടു നില്‍ക്കുന്ന ഷോള്‍ഡര്‍ ലൈന്‍ ആണ്. ഷാര്‍ക് ഫിന്‍ ആന്റിന, പുതിയ ഡിസൈനിലുള്ള 16-ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയാണ് മറ്റുള്ള ശ്രദ്ധേയമായ ഘടകങ്ങള്‍. കൂടുതല്‍ സ്‌റ്റൈലിഷ് ആണ് എല്‍ഇഡി ടെയില്‍ലൈറ്റ്.
4,549 എംഎം നീളം, 1,748 എംഎം വീതി, 1,489 എംഎം ഉയരം എന്നിങ്ങനെയാണ് പുത്തന്‍ സിറ്റിയുടെ അളവുകള്‍. 100 എംഎം നീളവും, 53 എംഎം വീതിയും കൂടുതലാണ് പുതിയ സിറ്റിക്ക്. ഉയരം 6 എംഎം കുറച്ചു കൂടുതല്‍ സ്‌പോര്‍ട്ടിയായാണ് പുത്തന്‍ സിറ്റിയുടെ എത്തിയിരിക്കുന്നത്. 2,600 എംഎം വീല്‍ബേസില്‍ മാറ്റമില്ല.ബീജ്, ബ്ലാക്ക് കോമ്പിനേഷനിലുള്ള ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍ ആണ് മോഡലിന്. കൂടാതെ വുഡ് ഫിനിഷും നല്‍കിയിട്ടുണ്ട്. മള്‍ട്ടി-ഇന്‍ഫര്‍മേഷന്‍ ഡിസ്‌പ്ലേ ആപ്പിള്‍ കാര്‍പ്ലേ, സിരി വോയിസ് കണ്ട്രോള്‍ കണക്ടിവിറ്റിയുള്ള 8-ഇഞ്ച് അഡ്വാന്‍സ്ഡ് ടച്ച് ഡിസ്‌പ്ലേ ഓഡിയോ, മള്‍ട്ടി-ഫങ്ക്ഷന്‍ സ്റ്റിയറിംഗ് വീല്‍, ഓട്ടോമാറ്റിക് എയര്‍-കണ്ടിഷനിംഗ് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ പ്രധാന ഫീച്ചറുകള്‍.