തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭയിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു. ഇന്ന് രാവിലെ ആറ് മണിക്കാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ആരംഭിച്ചത്.ആഹാരം കിട്ടാതെ ലോഡ്ജുകളിലും മറ്റും കുടുങ്ങിയവർക്ക് വേണ്ട സൗകര്യത്തെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ തലസ്ഥാനത്തെ സ്ഥിതി കൈവിട്ടുപോകുമെന്ന ആരോഗ്യ വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ഒരാഴ്ചത്തേക്ക് കർശന നിയന്ത്രണമേർപ്പെടുത്തിരിക്കുന്നത്.
ഇനി മുതൽ ഒരാഴ്ച നഗരപരിധിയിലേക്ക് അവശ്യ സർവീസുകൾക്കു മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളു. പൊതുഗതാഗതം ഉണ്ടാകില്ല. സെക്രട്ടറിയേറ്റും, സർക്കാർ ഓഫീസുകളും പ്രവർത്തിക്കില്ല. ആശുപത്രികൾ തുറക്കും. മെഡിക്കൽ സ്റ്റോറുകൾ പ്രവർത്തിക്കുമെങ്കിലും ആളുകൾ സത്യവാങ്മൂലം നൽകിയാൽ മാത്രമേ പോകാൻ അനുവദിക്കൂ. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ജനങ്ങൾക്ക് നേരിട്ടു പോയി സാധനങ്ങൾ വാങ്ങാൻ അനുമതിയില്ല. കോർപറേഷൻ പരിധിയിലെ പരീക്ഷകളെല്ലാം മാറ്റിവച്ചു.വൈകീട്ടുമുതൽ വീടുകളിൽ സാധനങ്ങൾ എത്തിക്കുമെന്ന് ഡി.സി.പി അറിയിച്ചു. അത്യാവശ്യ സാധനങ്ങൾ മാത്രമായിരിക്കും എത്തിക്കുക.
മുന്നറിയിപ്പില്ലാതെ പ്രഖ്യാപിച്ച സമ്പൂർണ അടച്ചിടൽ തലസ്ഥാന നഗരത്തെ ഇന്നലെ വൈകിട്ടു തന്നെ നിശ്ചലമാക്കി. കടകൾ നിർബന്ധപൂർവം അടപ്പിക്കുകയും പെട്രോൾ പമ്പുകൾ കൂടി അടയ്‌ക്കുകയും ചെയ്തതോടെ ജനങ്ങൾ പരിഭ്രാന്തിയിലായി. പാൽ ഉൾപ്പെടെ അവശ്യസാധനങ്ങൾ കരുതാൻ പോലും സാവകാശം അനുവദിക്കാതെയായിയിരുന്നു അപ്രതീക്ഷിത ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപനം.
അതേസമയം, ഏറണാകുളത്തും സ്ഥിതിഗുരുതരമാണ്. സമ്പർക്കത്തിലൂടെയുള്ള രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊലീസ് വ്യാപക പരിശോധന നടത്തുകയാണ്. കൊവിഡ് പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയാണ് അധികൃതർ സ്വീകരിക്കുന്നത്. സാമൂഹിക അകലം പാലിക്കാത്തതിന് കലൂരിലെ ഒരു വ്യാപാര സ്ഥാപനം അടപ്പിച്ചു. മാസ്ക് ധരിക്കാത്ത മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണെങ്കിലും എറണാകുളത്ത് സമൂഹവ്യാപനമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിഗമനം. കൊച്ചി നഗരത്തിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് ഇന്നലെ അറിയിച്ചിരുന്നു.