തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി 15 കോടിയുടെ സ്വർണക്കടത്ത് നടത്തിയതുമായി ബന്ധപ്പെട്ട് പിടിയിലായ യു.എ.ഇ കോൺസുലേറ്റിലെ മുൻ പി.ആർ.ഒയെ കൊച്ചിയിലേക്ക് കൊണ്ടുപോയി. മുമ്പും പാർസൽ വഴി സ്വർണക്കടത്ത് ഉണ്ടായോ എന്ന് പരിശോധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
ദുബായിൽ നിന്ന് ചാർട്ടേഡ് വിമാനത്തിലെത്തിയ ഡിപ്ലോമാറ്റിക് ലഗേജിൽ നിന്ന് 15 കോടി രൂപ വില വരുന്ന 35 കിലോയിലേറെ ( 4375 പവൻ ) സ്വർണമാണ് പിടിച്ചത്. ജൂൺ 30ന് ദുബായിലെ ഇന്ത്യൻ കോൺസലേറ്റിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഒരു സുപ്രധാന ഓഫീസിലേക്ക് അയച്ച ലഗേജിൽ ഡോർ ലോക്ക്, ഹാൻഡിൽ തുടങ്ങിയ വസ്തുക്കൾക്കൊപ്പം റോളുകളും റിംഗുകളുമാക്കിയാണ് സ്വർണം വച്ചിരുന്നത്.
ഔദ്യോഗിക പ്രതിനിധിയാണ് ലഗേജ് വാങ്ങാനെത്തിയത്. രേഖകൾ നൽകുന്നതിലെ ആശയക്കുഴപ്പം കസ്റ്റംസ് ഉദ്യോഗസ്ഥരിൽ സംശയമുണ്ടാക്കി. കസ്റ്റംസ് കമ്മിഷണർ ഡൽഹിയിൽ വിദേശ മന്ത്രാലയവുമായി ബന്ധപ്പെട്ട് അനുമതി തേടിയ ശേഷം ഇന്നലെ ലഗേജ് പൊളിച്ച് പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്.സാധാരണ സ്വർണ്ണക്കടത്ത് കേസിനെക്കാൾ ഗുരുതരമാണ് ഡിപ്ളോമാറ്റിക് ചാനലിൽ കടത്തുന്നത്.