തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പിലായതോടെ പുറത്തിറങ്ങി എങ്ങനെ അവശ്യ സാധനങ്ങൾ വാങ്ങിക്കുമെന്ന ആശങ്കയിലാണ് നഗരവാസികൾ. എന്നാൽ അവശ്യ സാധനങ്ങൾ പൊലീസുകാർ വഴി ഹോംഡെലിവറിയായി വീട്ടിലെത്തിക്കുമെന്ന് ഇന്നലെ തന്നെ ജില്ലാ ഭരണകൂടവും പൊലീസും ഉറപ്പ് നൽകിയിരുന്നു. ഇതിനായി അത്യാവശ്യ സേവനങ്ങൾക്ക് പൊലീസിനെ വിളിക്കാനുള്ള ഫോൺ നമ്പറുകൾ രാത്രി തന്നെ ജില്ലാ കളക്ടർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടിരുന്നു.
കണ്ണൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നേരത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ നടപ്പാക്കിയിരുന്നെങ്കിലും അതിൽ നിന്നും തീർത്തും വ്യത്യസ്തമാണ് തിരുവനന്തപുരം നഗരത്തിലെ സാഹചര്യം. കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷനായ തിരുവനന്തപുരം നഗരസഭ നൂറ് വാർഡുകളായാണ് വ്യാപിച്ച് കിടക്കുന്നത്. തലസ്ഥാന നഗരമായതിനാൽ തന്നെ പുറത്ത് നിന്നുള്ളവരും ഒട്ടനവധിയുണ്ട്.
നൂറ് വാർഡിലെ ഇത്രയും വീടുകളിൽ പൊലീസ് സേവനം എത്തിപ്പെടുമോയെന്നുള്ളത് വലിയ ആശങ്കയുള്ള കാര്യമാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്ത് വന്നിരിക്കുകയാണ് മുൻ മേയറും എം.എൽ.എയുമായ വി.കെ പ്രശാന്ത്. കേരളകൗമുദി ഓൺലൈനിനോട് ആയിരുന്നു അദ്ദേഹം അവശ്യ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുന്ന നടപടി ക്രമങ്ങളെപ്പറ്റി പറഞ്ഞത്.
പൊലീസിനെ കൊണ്ടു മാത്രം നഗരത്തിലെ മുഴുവൻ വീടുകളിലും അവശ്യ സാധനങ്ങൾ എത്തിക്കാനാകില്ലെന്ന് അദ്ദേഹം പറയുന്നു. അതിനു വേണ്ടി വോളന്‍റിയർ സേവനം കൃത്യമായി പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. നേരത്തെ തന്നെ വോളന്‍റിയർ രജിസ്ട്രേഷൻ സർക്കാർ നടത്തിയിട്ടുള്ളതിനാൽ ഇതിനുള്ള പ്രായസമില്ലെന്നും അദ്ദേഹം പറയുന്നു.
ഇന്ന് രാവിലെയാണ് ലോക്ക്ഡൗൺ നിലവിൽ വന്നത്. ആദ്യത്തെ രണ്ടു മൂന്ന് ദിവസങ്ങളിലേക്ക് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കാര്യങ്ങൾ പോകുമെന്നാണ് കരുതുന്നത്. ഒരു വിധം വീടുകളിലൊക്കെ സാധനം കാണും. എന്നാൽ അതു കഴിഞ്ഞ് വോളന്‍റിയർമാരെ വിന്യസിച്ച് എല്ലാ തരത്തിലുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും വി.കെ പ്രശാന്ത് വ്യക്തമാക്കി. ആദ്യത്തെ രണ്ട് ദിവസങ്ങളിൽ പൊലീസ് റവന്യൂ ടീമിന്‍റെ ശക്തമായ സഹായവും ഇടപെടലും അവശ്യ സാധനങ്ങൾ വീടുകളിലെത്തിക്കാൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
കോർപറേഷൻ പരിധിയിൽ പൊലീസ് സേവനങ്ങൾക്ക് താഴെ പറയുന്ന നമ്പറിൽ വിളിക്കാവുന്നതാണ്
112
9497900112
9497900121
9497900286
9497900296
0471 2722500