തിരുവനന്തപുരം: ഭരണഘടന അനുവദിച്ച ജീവിക്കുവാനുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ് വിഷരഹിത ഭക്ഷ്യ വസ്തുക്കളാണ് ലഭിക്കുന്നതെന്ന് ഉറപ്പുവരുത്താനുള്ള അവകാശമെന്ന് മുൻ ഡി.ജി.പി ജേക്കബ് തോമസ് പറഞ്ഞു. ഭാരതീയ വിചാര കേന്ദ്രം സംഘടിപ്പിച്ച ലൈവ് വെബിനാറിൽ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷ്യ വസ്തുക്കളുടെ ഉത്പാദന ഉറവിടങ്ങളിലും വിതരണശൃംഖലയിലും വിപണന മേഖലയിലും നടക്കുന്ന മൂല്യവർദ്ധനവിനായുള്ള ഇടപെടലുകൾക്കിടയിലും വിഷാംശങ്ങൾ കലരുന്നുണ്ട്. പരിശോധനയ്ക്കും സാക്ഷ്യപ്പെടുത്തലുകൾക്കും സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പരിമിത സംവിധാനങ്ങൾ പോലും കാര്യക്ഷമമായും ഫലപ്രദമായും പ്രവർത്തിക്കുന്നില്ല. ഇത് മാറ്റിയെടുക്കാൻ പൊതു സമൂഹം പ്രാദേശിക കൂട്ടായ്മകളിലൂടെ ശ്രമിക്കണം.
ഉപഭോക്താവിന് ഉത്പന്നങ്ങളുടെ ഉറവിടവും ഉള്ളടക്കങ്ങളും വിഷരഹിത ഗുണനിലവാരവും വ്യക്തമാക്കുന്ന സാക്ഷ്യപത്രം ലഭ്യമാക്കണമെന്നും സുതാര്യതയുള്ള വിപണിസംസ്‌കാരം പ്രയോഗത്തിൽ വരുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. വിചാര കേന്ദ്രം സംസ്ഥാന അദ്ധ്യക്ഷൻ ഡോ: മോഹൻദാസ്, വി.മഹേഷ്, അഞ്ജനാദേവി, കെ.വി രാജശേഖരൻ, ഡോ: സി.വി. ജയമണി, വി.എസ്സ് സജിത്ത് കുമാർ, സന്ദീപ്.എസ്സ്.എസ്സ് ഡോ:ലക്ഷ്മി വിജയൻ, രഞ്ജിത്ത് കുമാർ തുടങ്ങിയവരും പങ്കെടുത്തു.