pic

ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യ - ചെെന സംഘർഷത്തിന് പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ നിരന്തര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത് വന്നിരുന്നു. ഈ ആരോപണങ്ങൾക്ക് മറുപടി പറയുകയാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ.

പാർലമെന്റിന്റെ പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഒരിക്കൽ പോലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ലെന്നും, എന്നാൽ സേനയേയും സേനയുടെ മനോവീര്യത്തെയും ചോദ്യം ചെയ്യുക മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും നദ്ദ കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക ടിറ്റർ അക്കൗണ്ടിലൂടെയാണ് നദ്ദ ഈ കാര്യം വ്യക്തമാക്കിയത്. ഉത്തരവാദിത്തമുളള പ്രതിപക്ഷ നേതാവ് ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ ഗാന്ധി ചെയ്യുന്നതെന്നും, ഇന്ത്യൻ സേനയുടെ വീര്യത്തെ ചോദ്യം ചെയ്യുന്ന പ്രവർത്തി രാജ്യത്തെ നിരാശപ്പെടുത്തുമെന്നും നദ്ദ പറഞ്ഞു.

ഇതുവരെ നടന്ന 11 പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തിട്ടില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നദ്ദയുടെ പ്രതികരണം.പാർലമെന്റിന്റെ കാര്യങ്ങൾ മനസിലാക്കുന്ന നിരവധി മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ട്. എന്നാൽ ഇത്തരം നേതാക്കളെ വളരാൻ രാജവംശം അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി രാജവംശത്തിൽപ്പെടുന്ന ആളാണെന്നും ജെ പി നദ്ദ കുറ്റപ്പെടുത്തി.ഇന്ത്യ ചെെന സംഘർഷത്തിൽ കേന്ദ്ര സർക്കാരിനെതിരെയുളള വിമർശനങ്ങൾക്ക് നേതൃത്വം നൽകി ‌‌ രാഹുൽ ഗാന്ധി സൈന്യത്തിന്റെ മനോവീര്യം കുറച്ചുവെന്നും ബിജെപി ആരോപിച്ചു. അതേസമയം ബിജെപി അദ്ധ്യക്ഷന്റെ ആരോപണങ്ങളോട് കോൺഗ്രസ് പ്രതികരിച്ചിട്ടില്ല.