ലഡാക്ക്: ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് ചൈനീസ് സൈന്യം പിന്മാറാൻ ആരംഭിച്ചതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളിലെയും സൈന്യം പരസ്പര ധാരണയോടെ പിൻവാങ്ങാൻ തുടങ്ങിയതായിട്ടാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
സംഘർഷ മേഖലയിൽ നിന്ന് ചൈനീസ് സേന ഒരു കിലോമീറ്ററോളം പിന്മാറി. ഇരു രാജ്യത്തെയും സൈനികർ ചേർന്ന് ബഫർ സോണുകൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ ഇക്കാര്യം സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല .ചൈനീസ് സേനയുടെ നീക്കങ്ങൾ സൈന്യം നിരീക്ഷിച്ചുവരികയാണെന്ന് റിപ്പോർട്ടുണ്ട്.
ഇവിടെ ഉണ്ടാക്കിയ താൽക്കാലിക നിർമാണങ്ങൾ പൊളിച്ച് നീക്കിയതായി സൂചനയുണ്ട്. ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ നടന്ന ഏറ്റുമുട്ടലിൽ 20 സൈനികർ വീരമൃത്യു വരിച്ചതിന് പിന്നാലെ കമാൻഡർ തലത്തിൽ നടന്ന മൂന്നാംഘട്ട ചർച്ചയുടെ തുടർച്ചയായാണ് സേനാ പിന്മാറ്റമെന്നാണ് റിപ്പോർട്ട്.