മഹേന്ദ്ര സിംഗ് ധോണി സ്വതസിദ്ധമായ ശൈലിയിൽ വിജയത്തിലേക്ക് ഫിനിഷ് ചെയ്ത അഞ്ച് പ്രധാന ഇന്നിംഗ്സുകൾ
183*
Vs ശ്രീലങ്ക
2005,ജയ്പുർ
ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ലോകം ശ്രദ്ധിക്കാൻ ഇടയാക്കിയ ഇന്നിംഗ്സ്. സവായ് മാൻ സിംഗ് സ്റ്റേഡിയത്തിൽ ശ്രീലങ്ക നൽകിയ 299 റൺസ് ലക്ഷ്യം ചേസ് ചെയ്യാൻ ഇറങ്ങിയതാണ് ഇന്ത്യ. ആദ്യ ഒാവറിൽത്തന്നെ അപ്രതീക്ഷിത പ്രഹരം, സച്ചിൻ ടെൻഡുൽക്കർ പുറത്ത്. പെട്ടെന്ന് ഗാംഗുലിയുടെ മുൻ നിശ്ചയിച്ച ബാറ്റിംഗ് ഒാർഡർ മാറ്റി ധോണിയെ മൂന്നാമനായി കളത്തിലേക്ക് വിടുന്നു.
സച്ചിനെ പുറത്താക്കിയപ്പോൾ പാതിജയിച്ചു എന്ന വിശ്വാസത്തിലായിരുന്ന ശ്രീലങ്കൻ ബൗളർമാരുടെ കണ്ണുതള്ളിച്ച പ്രകടനമാണ് പിന്നെ അവിടെ കണ്ടത്.ഒരൊറ്റ ലങ്കൻ ബൗളറെയും ധോണി വെറുതെ വിട്ടില്ല. സ്പിന്നറും പേസറുമെല്ലാം തല്ലുവാരിക്കൂട്ടി.നാലോവർ ബാക്കി നിൽക്കെത്തന്നെ ഇന്തള വിജയം കണ്ടു. 145 പന്തുകളിൽ നിന്നാണ് ധോണി പുറത്താകാതെ 183 റൺസ് നേടിയത്. 15 ഫോറുകളും 11 വമ്പൻ സിക്സുകളും ധോണിയുടെ ഇന്നിംഗ്സിലുണ്ടായിരുന്നു.
ഇന്ത്യയുടെ അതുവരെയുള്ള ചേസിംഗ് വിജയങ്ങളിൽ മിന്നൽത്തിളക്കമുള്ളതായിരുന്നു ജയ്പൂരിലേത്. ഏറെക്കുറെ ഒറ്റയ്ക്കാണ് ധോണി അന്ന് ചേസിംഗ് നടത്തിയത് എന്നതാണ് മത്സരത്തെ വേറിട്ട് നിറുത്തുന്നത്.ആ മത്സരത്തിൽ ഉയർന്ന സ്കോർ ധോണിയുടെ 183 ആയിരുന്നെങ്കിൽ രണ്ടാമത്തെ മികച്ച സ്കോർ 39 റൺസായിരുന്നു !.
72 നോട്ടൗട്ട്
Vs പാകിസ്ഥാൻ
2006, ലാഹോർ
ഇന്ത്യൻ ടീമിലേക്കുള്ള വരവിൽ ധോണിക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്ത ഇന്നിംഗ്സായിരുന്നു പാകിസ്ഥാൻ പര്യടനത്തിലെ ലാഹോർ ഏകദിനത്തിലേത്. ഗദ്ദാഫി സ്റ്റേഡിയത്തിൽ പാകിസ്ഥാൻ നൽകിയ 289 റൺസ് ലക്ഷ്യം ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ 35 ഒാവറുകൾ പിന്നിടുമ്പോൾ 190/5 എന്ന നിലയിലായി. ക്രീസിൽ അപ്പോൾ ഒരുമിച്ചത് ധോണിയും യുവ്‌രാജും. പിന്നെ കണ്ടത് വിസ്മയം.
ഇരുവരും ചേർന്ന് ചെറുപ്പത്തിന്റെ വീര്യം മുഴുവൻ പുറത്തെടുത്തപ്പോൾ 14 പന്തുകൾ ബാക്കി നിറുത്തി ഇന്ത്യ വിജയം ആഘോഷിച്ചു. വെറും 35 പന്തുകളിൽ നിന്ന് അർദ്ധസെഞ്ച്വറി തികച്ച ധോണി 46 പന്തുകളിൽ നിന്ന് 13 ബൗണ്ടറികളടക്കമാണ് പുറത്താകാതെ 72 റൺസ് അടിച്ചുകൂട്ടിയത്. ഫിനിഷിംഗിൽ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം മറ്റൊരു ലെവലിലേക്ക് ഉയർത്തിയ മത്സരമായിരുന്നു ഇത്.
മത്സരത്തിൽ മാൻ ഒഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട ധോണിയുടെ ഹെയർസ്റ്റൈലിനെക്കുറിച്ച് അന്നത്തെ പാകിസ്ഥാൻ പ്രസിഡന്റ് സമ്മാനദാന വേദിയിൽ പുകഴ്ത്തിയത് പ്രസിദ്ധമാണ്. നീണ്ട മുടിയാണ് ധോണിയുടെ അഴകെന്നും അതൊരിക്കലും വെട്ടിക്കളയരുതെന്നുമായിരുന്നു മുഷാറഫിന്റെ കമന്റ്.
224 *
Vs ആസ്ട്രേലിയ
2013, ചെന്നൈ ടെസ്റ്റ്
ടെസ്റ്റ് കരിയറിൽ ധോണി അധികം തിളങ്ങിയിട്ടില്ല. എന്നാൽ ചില അവസരങ്ങളിൽ ധോണി ടെസ്റ്റിലും തന്റെ കഴിവ് പുറത്തെടുത്തു. ഏകദിനങ്ങളിലെ അക്രമണാത്മക ശൈലി മാറ്റിവച്ച് ടെസ്റ്റിന്റെ രീതിശാസ്ത്രത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോഴും വമ്പൻ ഷോട്ടുകൾ ധോണി കൈവെടിയാറുണ്ടായിരുന്നില്ല.
ചെപ്പോക്ക് സ്റ്റേഡിയത്തിൽ ഒന്നാം ഇന്നിംഗ്സിൽ 380 നേടിയ ഒാസീസിനെതിരെ ഇന്ത്യ ബാറ്റിംഗിനിറങ്ങി 196/4 എന്ന സ്ഥിതിയിലായപ്പോഴാണ് ധോണി കളത്തിലേക്ക് ഇറങ്ങിയത്.രണ്ട് സുന്ദരമായ കൂട്ടുകെട്ടുകൾക്കാണ് ധോണി ഇൗ ഇന്നിംഗ്സിൽ ഉൗടും പാവുമിട്ടത്.ആദ്യ വിരാട് കൊഹ്‌ലിക്കൊപ്പം 128 റൺസ്. പിന്നെ അന്ന് അരങ്ങേറ്റത്തിനിറങ്ങിയ വാലറ്റക്കാരൻ ഭുവനേശ്വറിനൊപ്പം 140 റൺസ്. 265 പന്തുകളിൽ നിന്ന് 24 ബൗണ്ടറികളും 6 സിക്സുകളുമടക്കമാണ് ധോണി 224 റൺസ് അടിച്ചുകൂട്ടിയത്. മത്സരത്തിൽ ഇന്ത്യ എട്ടുവിക്കറ്റ് വിജയം നേടി. ധോണിയുടെ ടെസ്റ്റിലെ ഏറ്റവും ഉയർന്ന സ്കോറായിരുന്നു ഇത്.ടെസ്റ്റിലെ ഒരു ഇന്ത്യൻ ക്യാപ്ടന്റെ അതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോറും ഇതായിരുന്നു.
64*
Vs പഞ്ചാബ് കിംഗ്സ്
2017, വിശാഖ്
ഐ.പി.എല്ലിൽ ചെന്നൈക്ക് വിലക്കേർപ്പെടുത്തിയിരുന്ന സമയത്ത് ധോണി നയിച്ചിരുന്നത് പൂനെ ജയന്റ്സിനെയാണ്. ആ സീസണിൽ ബാറ്റിംഗിൽ ധോണിക്ക് വലിയ മികവ് കാട്ടാനായിരുന്നില്ല. എന്നാൽ പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ യഥാർത്ഥ ധോണി ഉണർന്നെണീറ്റു. അക്ഷർ പട്ടേൽ എറിഞ്ഞ അവസാന ഒാവറിൽ പൂനെയ്ക്ക് ജയിക്കാൻ വേണ്ട 23 റൺസും ധോണി ഒറ്റയ്ക്ക് അടിച്ചെടുത്തു. 0, 1wd, 6, 0, 4, 6, 6. എന്നിങ്ങനെയാണ് ആ ഒാവറിൽ പട്ടേൽ റൺ വഴങ്ങിയത്. അവസാന രണ്ട് പന്തുകളിലെ സിക്സുകളും ധോണി സ്റ്റൈലിലായിരുന്നു.51 പന്തുകളിൽ നിന്ന് പുറത്താകാതെ ധോണി അടിച്ചുകൂട്ടിയത് 91 റൺസാണ്.
91*
Vs ശ്രീലങ്ക
2011 ലോകകപ്പ് ഫൈനൽ
ധോണിയെന്ന ബാറ്റ്സ്മാനെയും ധോണിയെന്ന നായകനെയും അടയാളപ്പെടുത്തിയ ഇന്നിംഗ്സാണിത്. ലോകകപ്പ് ഫൈനൽ പോലെ ക്രിക്കറ്റിന്റെ ഉത്തുംഗവേദിയിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റിംഗ് ഒാർഡറിൽ മുന്നിലേക്ക് വരാൻ കാട്ടിയ ചങ്കൂറ്റം, അവസാനം വരെ പൊരുതിനിന്ന് ടീമിനെ വിജയത്തിലെത്തിക്കാനുള്ള നിശ്ചയ ദാർഡ്യം, വിജയറൺ നേടാൻ തന്റെ സ്പെഷ്യൽ ഹെലികോപ്ടർ ഷോട്ട് തന്നെ കളിക്കാനുള്ള ആത്മവിശ്വാസം എന്നിവയെല്ലാം വാഴ്ത്തപ്പെട്ടു.
വാങ്കഡെ സ്റ്റേഡിയത്തിൽ കപ്പുയർത്താൻ ഇന്ത്യ നേടേണ്ടിയിരുന്നത് 275 റൺസാണ്. എന്നാൽ ഇന്നിംഗ്സിന്റെ രണ്ടാമത്തെ പന്തിൽത്തന്നെ വിരേന്ദർ സെവാഗ് ഡക്കായി.ഏഴാം ഒാവറിൽ സച്ചിനും (18) 22-ാം ഒാവറിൽ വിരാടും (35) പുറത്തായതോടെ ഇന്ത്യ 114/3 എന്ന നിലയിലായി. സ്വാഭാവികമായി ആ ഘട്ടത്തിൽ ഇറങ്ങേണ്ടിയിരുന്നത് യുവ്‌രാജ് സിംഗായിരുന്നു. യുവിയാകട്ടെ ടൂർണമെന്റിലുടനീളം മികച്ചഫോമിലും. എന്നാൽ മുത്തയ്യ മുരളീധരനെതിരെ തനിക്ക് നന്നായി കളിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ധോണിയെ അഞ്ചാമനായി കളത്തിലേക്ക് എത്തിച്ചു.
നാലാം വിക്കറ്റിൽ ഗൗതം ഗംഭീർ നെഞ്ചുറച്ചുനിന്ന് നടത്തിയ പോരാട്ടത്തിന് ധോണി നൽകിയ പിന്തുണയിൽ ഇന്ത്യൻ ടീമിന്റെ ആത്മവിശ്വാസം ഏറിയേറി വന്നു. സെഞ്ച്വറിക്ക് മൂന്ന് റൺസ് അകലെ വച്ച് 42-ാം ഒാവറിൽ ഗംഭീർ പുറത്തായെങ്കിലും യുവി വരാനുണ്ടായിരുന്നു. ഇരുവരും ചേർന്ന് ഇന്ത്യയെ വിജയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.48-ാം ഒാവറിൽ നുവാൻ കുലശേഖര എറിഞ്ഞ പന്ത് ഹെലികോപ്ടർ ഷോട്ടിലൂടെ ധോണി ഗാലറിയിലെത്തിക്കുമ്പോൾ ഇന്ത്യയൊട്ടാകെ ആരവങ്ങൾ അലയടിച്ചുയർന്നു. 79 പന്തുകളിൽ എട്ടുഫോറും രണ്ടുസിക്സുമടക്കം ധോണി നേടിയ 91 റൺസിന് സെഞ്ച്വറിയേക്കാൾ തിളക്കമുണ്ടായിരുന്നു.ഫൈനലിലെ മാൻ ഒഫ് ദ മാച്ച് പുരസ്കാരം ധോണിയെത്തേടിയെത്തി. അതിലും വിലയുണ്ടായിരുന്നു ആ ഇന്നിംഗ്സിനെ സുനിൽ ഗാവസ്കർ വിശേഷിപ്പിച്ച വാക്കുകൾക്ക്... മരണമെത്തുന്ന നേരത്ത് എനിക്ക് ലോകകപ്പ് ഫൈനലിലെ ധോണിയുടെ ആ ഇന്നിംഗ്സ് ഒന്നുകൂടി കണ്ട് ലോകത്തോട് വിടപറയണം ...