baby-

പത്തനംതിട്ട: അടൂരിൽ നവജാതശിശുവിനെ പള്ളിക്ക് മുന്നിൽ ഉപേക്ഷിച്ച കേസിൽ അമ്മയും കാമുകനും അറസ്റ്റിൽ. ഏനാദിമംഗലം മാരൂർ മംഗലത്ത് പുത്തൻവീട്ടിൽ എ.അജയ് (32), കുട്ടിയുടെ അമ്മ മാരൂർ ഒഴുക്കുപാറ കിഴക്കേതിൽ ലിജ (33) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

ആദ്യവിവാഹം വേർപിരിഞ്ഞുനിന്ന ഇരുവരും ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്നും ഗർഭിണിയായ ശേഷം ലിജ പുറത്തിറങ്ങാതെ വീട്ടിൽതന്നെ കഴിയുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലിജ വീട്ടിൽ പ്രസവിച്ച കുട്ടിയെ ഇരുവരും ചേർന്ന് പള്ളിക്ക് മുമ്പിൽ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞ് ഇപ്പോൾ ശിശുസംരക്ഷണസമിതിയിലാണുള്ളത്.

സംശയാസ്പദമായി കണ്ട വാഹനങ്ങളെ സംബന്ധിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അജയ് ഓടിച്ച ആട്ടോറിക്ഷയിൽ അന്വേഷണമെത്തുന്നത്. കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ലിജയെയും അറസ്റ്റ് ചെയ്തു. സി.ഐ. യു.ബിജു, എസ്.ഐ. അനൂപ്, വനിതാ സീനിയർ സിവിൽ പോലീസ് ഓഫീസർ റഷീദാ ബീഗം, സിവിൽ പോലീസ് ഓഫീസർമാരായ അനുരാഗ്, മുരളീധരൻ, ശരത്ത്, സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

മരുതിമൂട് പള്ളിയിൽ ജൂൺ 30ന് പുലർച്ചെ കുരിശടിയിൽ മെഴുകുതിരി കത്തിക്കാനെത്തിയവരാണ് ഒരു ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ തുണിയിൽ പുതപ്പിച്ച് കിടത്തിയ നിലയിൽ കണ്ടത്. പള്ളിയുടെ മുൻവശത്തെ കാമറ പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് പത്തനാപുരം മുതൽ അടൂർ വരെയുള്ള വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും റോഡിലേക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്ന 45 കാമറകളിലെ ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.