
തിരുവനന്തപുരം: സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന വിദഗ്ദ്ധരുടെ മുന്നറിയിപ്പിനെ തുടർന്ന് നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ നിലവിൽ വന്നു. കർശന നിയന്ത്രണങ്ങളാണ് കോർപറേഷന്റെ നൂറ് വാർഡുകളിലും ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കേണ്ടിവന്ന സാഹചര്യവും മറ്റും വിശദീകരിക്കുകയാണ് എം.എൽ.എയും മുൻ മേയറുമായ വി.കെ. പ്രശാന്ത്.
ട്രിപ്പിൾ ലോക്ക്ഡൗൺ കൊണ്ട് കൊവിഡിനെ
പിടിച്ചുകെട്ടാൻ സാധിക്കുമോ ?
എന്നു തന്നെയാണ് വിലയിരുത്തൽ. കൊവിഡ് സ്ഥിരീകരിച്ച ഭൂരിപക്ഷം പേരും മടങ്ങിവന്ന പ്രവാസികളാണ്. അവരിൽ നിന്നാണ് സമ്പർക്കം വഴിയുള്ള കൊവിഡ് പലർക്കും സ്ഥിരീകരിച്ചത്. ഉറവിടം അറിയാത്ത കേസുകളുമുണ്ട്.
ബ്രേക്ക് ദി ചെയിൻ കാമ്പെയിൻ
ശക്തമാക്കുമോ ?
ബ്രേക്ക് ദി ചെയിൻ ശക്തമാക്കണമെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ പറഞ്ഞതാണ്. എന്നാൽ തലസ്ഥാന നഗരമായതിനാൽ നമുക്ക് ഇക്കാര്യത്തിൽ പ്രകടമായി ഇടപെടാൻ സാധിക്കില്ല. സമരങ്ങളും മറ്റ് പരിപാടികളും മാർക്കറ്റുകളുടെ പ്രവർത്തനങ്ങളുമെല്ലാം വലിയ ഭീഷണി തന്നെയായിരുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ട്രിപ്പിൾ ലോക്ക്ഡൗണിനെപ്പറ്റി ചിന്തിക്കേണ്ടി വന്നത്.
സമൂഹ വ്യാപനമുണ്ടെന്ന് പ്രചാരണമുണ്ട്.
ഇതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ ?
സംസ്ഥാനത്ത് 16 കേസുകൾ മാത്രം ഉണ്ടായിരുന്ന സമയത്താണ് രാജ്യമൊട്ടാകെ ലോക്ക്ഡൗൺ നടപ്പിലായത്. എന്നാൽ സംസ്ഥാനത്തിപ്പോൾ കേസുകളുടെ എണ്ണം പതിന്മടങ്ങ് വർദ്ധിച്ചു. ഉറവിടമറിയാത്ത കേസുകളുമുണ്ട്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് നോക്കിയാൽ തമിഴ്നാട്ടിൽ 8000, ആന്ധ്രയിലും തെലങ്കാനയിലും 6000വീതം, ഡൽഹിയിൽ 3000 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. കേരളത്തിലാകട്ടെ കഴിഞ്ഞ ഒരാഴ്ചയിൽ ആയിരം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്.
ജനങ്ങളുടെ ജാഗ്രത കുറവാണോ ട്രിപ്പിൾ
ലോക്ക്ഡൗണിലേക്ക് പോകേണ്ട സാഹചര്യമുണ്ടാക്കിയത് ?
അങ്ങനെ തന്നെ പറയേണ്ടി വരും. ബസുകളിലും മാർക്കറ്റുകളിലും തിരക്ക് കുറയ്ക്കാനോ യാതൊരു നിയന്ത്രണങ്ങളും പാലിക്കാനോ ജനങ്ങൾ തയ്യാറായില്ല. തലസ്ഥാന നഗരമായതിനാൽ തന്നെ കാസർകോട് തൊട്ട് ഇങ്ങോട്ട് പല സ്ഥലങ്ങളിൽ നിന്നുള്ള ആളുകൾ തിരുവനന്തപുരത്ത് വരുന്നുണ്ട് .
സെക്രട്ടേറിയേറ്റിന് മുന്നിലെ സമരങ്ങൾക്ക്
യാതൊരു കുറവും ഇല്ലായിരുന്നല്ലോ ?
പത്ത് പേർ പങ്കെടുക്കാൻ പറയുമ്പോൾ നൂറ് പേർ വന്ന് പങ്കെടുക്കുന്ന ശൈലി അംഗീകരിക്കാനാകില്ല. സമരം നിയന്ത്രിക്കുന്നതിനും എല്ലാം നല്ലൊരു പ്രതിവിധിയാണ് ട്രിപ്പിൾ ലോക്ക്ഡൗൺ. എല്ലായിടത്തും ഇളവുകൾ പ്രഖ്യാപിച്ചിട്ട് ചില സ്ഥലങ്ങളിൽ മാത്രം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത് പൊലീസുകാർക്കും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.
രാത്രി പെട്ടെന്ന് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് നോട്ട് നിരോധനം
പോലെയായി എന്നാണല്ലോ വിമർശനം ?
കർശന നിയന്ത്രണം പാലിച്ചില്ലെങ്കിൽ ലോക്ക്ഡൗണിലേക്ക് പോകേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണ്. ശൈലജ ടീച്ചറും ഇത് ആവർത്തിച്ച് പറയുന്നുണ്ടായിരുന്നു. തിരുവനന്തപുരം ഒരു അഗ്നി പർവ്വതത്തിന്റെ മുകളിലാണെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി പറഞ്ഞിരുന്നു. അപ്പോൾ തന്നെ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രതീക്ഷിച്ചിരുന്നു. പ്രതിദിന കേസുകളുടെ എണ്ണം ഇരുനൂറ് പിന്നിട്ടപ്പോൾ തന്നെ വീണ്ടും ഒ ലോക്ക്ഡൗണിലേക്ക് പോകുന്നുവെന്ന തരത്തിൽ മാദ്ധ്യമങ്ങൾ വരെ ചർച്ചകൾക്ക് തുടക്കമിട്ടു. അതുകൊണ്ട് തന്നെ മുന്നറിയിപ്പിന്റെ പ്രശ്നമില്ല.
എം.എൽ.എയുടെ ഓഫീസും വീട്ടിലേക്ക് മാറ്റുമോ ?
വോളന്റിയർമാരെ ഏകോപിപ്പിക്കാൻ ഓഫീസ് തുറന്ന് പ്രവർത്തിക്കേണ്ടതുണ്ട്. സന്ദർശകരെ ഓഴിവാക്കും. പൂർണമായും വീട്ടിൽ ഇരുന്നുകൊണ്ടുള്ള പ്രവർത്തനം എം.എൽ.എമാർക്ക് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഓഫീസ് പ്രവർത്തിപ്പിച്ച് കൊണ്ടുള്ള സംവിധാനമായിരിക്കും ഉണ്ടാവുക.