gold-smuggling

തിരുവനന്തപുരം: തിരവനന്തപുരം സ്വർണക്കടത്ത് കേസിൽ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥയായ സ്വ‌പ്‌ന സുരേഷ് എന്ന് പൊലീസിന്റെ കണ്ടെത്തൽ. യു.എ.ഇ കോൺസിലേറ്റുമായി ബന്ധപ്പെട്ട് സ്വപ്‌ന പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി ഓപ്പറേഷൻ മാനേജരാണ് സ്വപ്ന. ഇവർക്കായി തെരച്ചിൽ പൊലീസ് ശക്തമാക്കി. അതേസമയം മുൻ പി.ആർ.ഒ സരിത്തിന്‍റെ അറസ്റ്റ് ഇന്ന് ഉച്ചയ്ക്ക് രേഖപ്പെടുത്തും.

കേസുമായി ബന്ധപ്പെട്ട് തുടർ നടപടിയിൽ കസ്റ്റംസ് നിയമോപദേശം തേടും. കള്ളക്കടത്തിൽ പങ്കുള്ള കൂടുതൽ പേരെ കൂടി തിരിച്ചറിഞ്ഞതായി റിപ്പോർട്ടുണ്ട്. ഈ സംഘം മുമ്പും കള്ളക്കടത്ത് നടത്തിയിട്ടുണ്ടെന്നാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. വൻ തുകയാണ് ഇവർക്ക് കമ്മിഷനായി ലഭിച്ചിരുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് ഇവർ സ്വർണ്ണം പുറത്തെത്തിച്ചത്.

കോൺസുലേറ്റിലേക്കുള്ള ബാഗേജ് പരിശോധിക്കാൻ അവകാശമില്ലെന്നായിരുന്നു ഇവരുടെ വാദം. ദുബായിൽ നിന്നും സാധനങ്ങൾ എത്തിക്കാൻ സരിത്തിനെയാണ് ചുമതലപ്പെടുത്തിയതെന്ന് കോൺസുലേറ്റ് വ്യക്തമാക്കിയിട്ടുണ്ട്. സ്വർണമടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്കുമേൽ സരിത് സമ്മർദ്ദം ചെലുത്തി. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കോൺസുലേറ്റിന്‍റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഈ പൈപ്പുകളുൾപ്പടെ ഒന്നും തന്നെ ദുബായിലേക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾ എത്തിക്കാൻ മാത്രമാണ് ഓർഡർ നൽകിയിരുന്നത്. ഈ കാര്യങ്ങളുടെ ചുമതല സരിത്തിനായിരുന്നു.

ഈ സാഹചര്യത്തിലാണ് പി.ആർ.ഒയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. ഇതാദ്യമായാണ് ഡിപ്ലോമാറ്റിക് കാർഗോ വഴി സ്വർണ്ണക്കടത്ത് പിടികൂടുന്നത്. ഈ കാർഗോ പരിശോധനയ്ക്ക് ശേഷം ഏറ്റെടുക്കാനും തുറക്കാനുമുളള അധികാരം കോൺസുലേറ്റിന് മാത്രമാണ്.

അങ്ങനെയെരിക്കെ സ്വർണ്ണം ആർക്കുവേണ്ടി എത്തിച്ചു എന്ന സംശയമാണ് അന്വേഷണ ഏജൻസികൾക്ക് മുന്നിലുളളത്. കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്. യു.എ.ഇ കോൺസുലേറ്റിന്‍റെ ഡിപ്ലോമാറ്റിക് കാർഗോയിൽ കണ്ടെത്തിയതിനാൽ വളരെ കരുതലോടെയാണ് കസ്റ്റംസിന്‍റെ അന്വേഷണം.

അതേ സമയം സ്വർണ്ണക്കടത്തിൽ ആരോപണങ്ങളെല്ലാം യു.എ.ഇ കോൺസുലേറ്റ് നിഷേധിച്ചു. ദുബായിൽ നിന്നും ഭക്ഷണസാധനങ്ങൾ മാത്രമാണ് എത്തിക്കാനാണ് ഓ‍ർഡർ നൽകിയിരുന്നതെന്നും കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചു.