corona

ചെല്ലപ്പൻപിള്ളയുടെ പലവ്യഞ്ജനക്കടയിൽ എല്ലാമുണ്ടാവും. ഉപ്പുതൊട്ട് കർപ്പൂരംവരെയും മണ്ണെണ്ണ മുതൽ എലിവിഷം വരെയും കിട്ടും. വരുന്ന ആളുടെ മുഖത്തു നോക്കിയാണ് സാധനങ്ങൾ എടുത്തു നൽകുക. 25 പൈസ കൊടുത്താൽ ഒരു പൊതി പലവ്യഞ്ജനം. മുളകും മല്ലിയും ഉള്ളിയും മഞ്ഞളുമെല്ലാം അതിലുണ്ടാവും. വരുന്ന ആളുടെ കൈയിൽ എത്ര കാശുണ്ടാവുമെന്ന് ചെല്ലപ്പൻപിള്ളയ്ക്കറിയാം. അതനുസരിച്ചാണ് സാധനങ്ങൾ നുള്ളിവയ്ക്കുക. ആ കാലമെല്ലാം ചെല്ലപ്പൻപിള്ളയോടൊപ്പം മൺമറഞ്ഞെങ്കിലും ചെറുകിട കച്ചവടക്കാരുടെ കടപൂട്ടിത്തുടങ്ങിയത് സമീപകാലത്താണ്. തിരുവനന്തപുരത്ത് ലുലുമാൾകൂടി വരുന്നതോടെ ശേഷിക്കുന്ന വഴിയോരക്കടകൾകൂടി പൂട്ടുമെന്നായിരുന്നു നഗരവാസികൾ കണക്കാക്കിയിരുന്നത്. കൊവിഡിന്റെ വരവോടെ എല്ലാം തകിടംമറിഞ്ഞു. വൻകിട കച്ചവട സ്ഥാപനങ്ങളെല്ലാം പൂട്ടി. പൊടിപിടിച്ചിരുന്ന ചെറുകിടക്കാരെല്ലാം പൊടിതട്ടി എഴുന്നേറ്റു. ഇപ്പോൾ അവർക്ക് നിന്നുതിരിയാൻ നേരമില്ല, മുക്കിലും മൂലയിലുമുള്ള വഴിയോരക്കടകളിലെല്ലാം ക്യൂ നിന്നാണ് മലോകർ സാധനങ്ങൾ വാങ്ങുന്നത്. എന്തെങ്കിലും ഒരു നിവൃത്തിയുണ്ടെങ്കിൽ മാളുകളിൽ ഒരു പര്യടനം നടത്തി ഇല്ലാത്ത കാശിന് ഉള്ളതെല്ലാം വാങ്ങുന്ന ശീലം കൊവിഡ് കരണ്ടുതിന്നു.

തലസ്ഥാനം പൊടുന്നനെ ട്രിപ്പിൾ ലോക്ക്‌ഡൗണിലായതോടെ നഗരവാസികൾ വീടുകളിൽ ചുരുണ്ടുകൂടി. അങ്ങനെ, മഴയെനോക്കി ചുമ്മാ പിറുപിറുക്കുമ്പോൾ ഒരു സംശയം വന്നു തലയിൽ കയറുന്നു. മഴയാണോ കടലാണോ ആദ്യം ഉണ്ടായത്. സംശയമില്ല മഴതന്നെ. അങ്ങനെയാണ് ഭൗമശാസ്ത്രജ്ഞന്മാരും പരിണാമസിദ്ധാന്തം വിശകലനംചെയ്തവരുമെല്ലാം കണ്ടെത്തിയത്. പരമശിവൻ കുടുംബസമേതം പാർക്കുന്നിടമെന്ന് വിശ്വാസികൾ കരുതുന്ന കൈലാസം ഉൾപ്പെടുന്ന ഹിമാലയ പർവ്വതം നില്ക്കുന്നിടത്ത് കടലായിരുന്നു. ടെത്തിസ് (tethys) എന്നാണ് ആ കടലിന്റെ പേര്. ഭൂമിയിൽ ആദ്യം രൂപംകൊണ്ട കടലാണ് ടെത്തിസ്. 50 ദശലക്ഷം വർഷങ്ങൾക്കുമുമ്പാണ് അവിടെ ഇന്നു കാണുന്ന പർവ്വതനിര പൊന്തിവന്നത്. ഇന്ത്യൻ പ്ലേറ്റും യൂറോപ്യൻ പ്ലേറ്റും കൂട്ടിയിടിച്ചതു മൂലം ടെത്തിസ് കടലിന്റെ അടിത്തട്ട് ഒടിഞ്ഞുമടങ്ങി ഉയർന്നുപൊങ്ങിയാണ് ഹിമാലയ പർവ്വതനിര രൂപപ്പെട്ടതെന്നാണ് നിഗമനം. ഹിമാലയത്തിന്റെ ഉയരങ്ങളിൽ കടലിന്റെ അടിത്തട്ടിലുള്ള ഊറലുകളിൽനിന്നു ഉരുത്തിരിഞ്ഞ പാറകളും കടൽജീവികളുടെ ഫോസിലുകളും ഉണ്ടെന്ന് ‌കണ്ടെത്തിയിട്ടുണ്ട്.

454 കോടി വർഷങ്ങൾക്കുമുമ്പുണ്ടായ ഭൂമിയിൽ എന്നു മുതലാവും മഴ പെയ്തിട്ടുണ്ടാവുക?​ ഒരു കാര്യം ഉറപ്പിക്കാം,​ ടെത്തിസ് സമുദ്രം രൂപപ്പെടുന്നതിനും ലക്ഷക്കണക്കിനു വർഷങ്ങൾക്കുമുമ്പേ ഭൂമിയിൽ മഴ പെയ്യാൻ തുടങ്ങി. ചുട്ടുപഴുത്ത ഭൂമി ഉരുകി പാറയും ധാതുകളുമായി ഘനീഭവിക്കുന്നതിനിടയിൽ ഉയർന്നുപൊന്തിയ നീരാവി മഴയായി പതിച്ചാണ് ഭൂമിയിൽ ജലാശയങ്ങളുണ്ടായത്. ചെറു കുളങ്ങളായും നീരൊഴുക്കായും കായലായും കടലായും അത് രൂപംപ്രാപിക്കാൻ പതിനായിരക്കണക്കിന് വർഷങ്ങൾ വേണ്ടിവന്നിട്ടുണ്ടാവും. അങ്ങനെയുണ്ടായ ഒരു കടലാണ് ടെത്തിസും. പരസഹസ്രം വർഷങ്ങൾകൊണ്ട് അതിന്റെ അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണ്ണും ധാതുക്കളുമാണ് നമ്മളിന്നു കാണുന്ന ഹിമാലയത്തിലുള്ളതെന്നാണ് ഭൗമശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുള്ളത്. അതാണ് പ്രപഞ്ചത്തിന്റെ മായാവിലാസം.

പഞ്ചഭൂതങ്ങൾ കൊണ്ടുതന്നെയാണ് ഭൂമിയെയും ഭൂമിയിലെ സകല ചരാചരങ്ങളെയും നിർമ്മിച്ചിരിക്കുന്നത്. ഭൂമിയുടെ ഏതോ കോണിലിരുന്നു നാം കാട്ടിക്കൂട്ടുന്നതെല്ലാം ഈ വിശ്വപ്രകൃതി അറിയുന്നുണ്ട്. മഴയായും വെയിലായും നിലാവായും മഞ്ഞിൻകണമായും പ്രകൃതി കരയുകയും ചിരിക്കുകയും ചെയ്യുന്നപോലെ കരുതലും ക്രോധവുമെല്ലാം പല രൂപത്തിലും ഭാവത്തിലും പുറത്തുവരും. അതിനാൽ ഇപ്പോൾ ഹിമാലയം നില്ക്കുന്നിടത്ത് നാളെ ഹിമസാഗരമായിരിക്കും. വെറും സങ്കല്പമല്ലത്. കലികാലമാകയാൽ ഹിമാലയത്തെ ഉരുക്കി കടലാക്കുന്ന ജോലി മനുഷ്യൻ ചെയ്യേണ്ടതില്ല. അത് പ്രകൃതിതന്നെ ചെയ്തുകൊള്ളും.

ആക്രാന്തത്തോടെ മനുഷ്യൻ സ്വരുക്കൂട്ടിയതെല്ലാം ഞൊടിയിടയിൽ തകർന്നുപോകുന്നത് നമ്മൾ കാണുന്നു. മരടിലെ പ്രകൃതിവിരുദ്ധ ഫ്ലാറ്റുകൾ പൊളിച്ചടുക്കേണ്ടതായിരുന്നുവെന്ന് പ്രതിഷേധിച്ചവരും ഇപ്പോൾ ചിന്തിച്ചുതുടങ്ങിയിട്ടുണ്ടാവും. മനുഷ്യനുവേണ്ടിമാത്രം ഉണ്ടായതല്ല ഭൂമി. വയസുകാലത്ത് പരിപാലിച്ചുകൊള്ളും എന്ന പ്രതീക്ഷയിലല്ല ഭൂമിയിലെ മറ്റൊരു ജീവിയും അവയുടെ കുഞ്ഞുങ്ങളെ പോറ്റുന്നത്. അത് മനുഷ്യൻ സ്വയം രൂപപ്പെടുത്തിയെടുത്തിയെടുത്തതാണ്. അതാണ് മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വ്യത്യാസമെന്നും അതാണ് സംസ്കാരമെന്നും നമ്മൾ പറയും. അതെന്തായാലും ചെല്ലപ്പൻപിള്ളയുടെ പലവ്യഞ്ജനക്കടയും ബഷീറിന്റെ ചായക്കടയും തോമസിന്റെ മുറുക്കാൻകടയും പൊന്നപ്പന്റെ ബാർബർഷോപ്പുമെല്ലാം മടങ്ങിവരികയാണ്. നിരന്തരം കെട്ടിപ്പൊക്കുന്ന രമ്യഹർമ്യങ്ങളൊന്നും ദീർഘകാലം നമ്മെ പാർപ്പിക്കില്ലെന്നും പ്രകൃതിയുമായി ഇണങ്ങി ജീവിക്കുകയാണ് ശരിയായ വഴിയെന്നും വീണ്ടും അറിഞ്ഞുതുടങ്ങുകയാണ്. അതിനർത്ഥം ഇത്രയും ചെറിയ ഒരു കൊറോണ വൈറസ് യാദവകുലത്ത ഒടുക്കിയ ഏരകപ്പുല്ല് (എയ്യാമ്പുല്ല് ) ആകുമെന്നല്ല. സർക്കാർ പരസ്യത്തിൽ പറയുമ്പോലെ ഈ പ്രതിസന്ധിയെയും നമ്മൾ അതിജീവിക്കും. മഹാമാരിയും പ്രളയവും യുദ്ധങ്ങളും ഇനിയും വന്നേക്കാം. പക്ഷേ, ഭൂമിയെ കൊല്ലാൻ മനുഷ്യന് സാദ്ധ്യമല്ല.