ന്യൂഡൽഹി: കുവൈത്തിൽ ജോലി നോക്കുന്ന പ്രവാസി ഇന്ത്യക്കാർക്ക് വൻ തിരിച്ചടിയായി കരട് പ്രവാസി ക്വാട്ട ബില്ല് കുവൈറ്റി ദേശീയ അസംബ്ളിയിൽ അംഗീകാരം നേടി. കരട് ബിൽ പ്രകാരം രാജ്യത്തെ ജനസംഖ്യയുടെ പതിനഞ്ച് ശതമാനം ഇന്ത്യക്കാരെ മാത്രമേ ഇനി രാജ്യത്ത് അനുവദിക്കൂ. സമഗ്രമായ പദ്ധതി തയ്യാറാക്കാൻ അതാത് കമ്മിറ്റികൾക്ക് ബില്ല് കൈമാറിയിരിക്കുകയാണ്.
നിലവിൽ കുവൈത്തിലെ ജനസംഖ്യ 48 ലക്ഷമാണ്. ഇതിൽ 34 ലക്ഷവും വിദേശികളാണ്. രാജ്യത്തിലെ ജനസംഖ്യയുടെ 70 ശതമാനം വരുമിത്. പ്രവാ സികളുടെ എണ്ണംരാജ്യത്തെ ജനസംഖ്യയുടെ തുല്യമാക്കാനാണ് നിയമം കൊണ്ടുവരുന്നത്. ഇത് പ്രകാരം നിലവിൽ 14.50 ലക്ഷം ഇന്ത്യക്കാരുളളതിൽ എട്ട് ലക്ഷം പേർക്ക് നിയമം തിരിച്ചടിയാകും.
കൊവിഡ് പ്രതിസന്ധി ആരംഭിച്ച സമയം മുതൽ കുവൈത്തിൽ വൻ തോതിലുളള പ്രവാസികൾക്കെതിരായ സർക്കാർ പ്രതിനിധികളും നിയമജ്ഞന്മാരും ശബ്ദം ഉയർത്തിയിരുന്നു. കുവൈത്ത് പ്രധാനമന്ത്രി മുൻപ് രാജ്യ ജനസംഖ്യയിലെ 70 ശതമാനം വരുന്ന പ്രവാസികളുടെ ജനസംഖ്യ 30 ശതമാനം ആയി കുറക്കും എന്ന് പ്രഖ്യാപിച്ചിരുന്നു.എന്തായാലും ബില്ലിനെതിരെ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രവാസി ജനങ്ങൾ വലിയ പ്രതിഷേധമാണ് നടത്തുന്നത്.