triple-lockdown

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക്ഡൗണിൽ ഇളവ് ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. പഴം പച്ചക്കറി, പലവ്യഞ്ജന കടകൾ രാവിലെ ഏഴ് മുതൽ പതിനൊന്ന് മണി വരെ തുറക്കാം. സാമൂഹ്യ അകലം പാലിച്ചാണ് കടകൾ തുറക്കേണ്ടത്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ കട അടപ്പിക്കുമെന്ന് മന്ത്രി കടകംപ്പള്ളി സുരേന്ദ്രൻ അറിയിച്ചു. വീടിനടുത്തുള്ള കടകളിൽ നിന്ന് തന്നെ സാധനം വാങ്ങണമെന്നും മന്ത്രി വ്യക്തമാക്കി.

കുടുംബശ്രീ വഴി ജനകീയ ഹോട്ടലുകൾ തുറക്കാനും തിരുവനന്തപുരം നഗരസഭ പദ്ധതിയിടുന്നുണ്ട്. ഹോം ഡെലിവറിയെ ആശ്രയിച്ച് നിരവധി പേരാണ് തലസ്ഥാന നഗരത്തിൽ കഴിയുന്നത്. ഇവർക്ക് ഭക്ഷണമെത്തിക്കാനാണ് കുടുംബശ്രീ ഹോട്ടലുകൾ തുടങ്ങാൻ പദ്ധതിയിടുന്നത്.

സമ്പർക്കരോ​ഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കൂടുതൽ പരിശോധനകൾ നടത്താനും തീരുമാനമായിട്ടുണ്ട്. പനി, ജലദോഷം തുടങ്ങിയവ ഉള്ളവർക്കും, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വിഭാഗങ്ങൾക്കും പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെ വിശദമായ പശ്ചാത്തലം എടുക്കും. രോഗികളുടെ ഉറവിടം കണ്ടെത്താൻ തീവ്രശ്രമം നടക്കുന്നുണ്ടെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് തീവ്രബാധിത പ്രദേശങ്ങളിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.