റാഞ്ചിയിലെ ഒരു സാധാരണ കുടുംബത്തിലാണ് ധോണി ജനിച്ചത്. അച്ഛൻ പാൻസിംഗ് ധോണി പൊതുമേഖലാ സ്ഥാപനമായ മേക്കോണിലെ ജീവനക്കാരനായിരുന്നു. അച്ഛന്റെ ജോലികാരണമാണ് അൽമോര ജില്ലയിലെ ഗ്രാമത്തിൽ നിന്ന് ധോണിയും കുടുംബവും റാഞ്ചിയിലേക്ക് പറിച്ചു നടപ്പെട്ടത്. മേക്കോൺ ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സിലായിരുന്നു താമസം.അമ്മയും ഒരു സഹോദരനും സഹോദരിയും അടങ്ങുന്നതായിരുന്നു കുടുംബം. സഹോദരി ജയന്തി ഗുപ്ത. സഹോദരൻ നരേന്ദ്ര സിംഗ് ധോണി. റാഞ്ചിയിലെ ജവഹർ വിദ്യാമന്ദിർ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. ഫുട്ബാൾ ഗോളിയിൽ നിന്ന് ക്രിക്കറ്റ് വിക്കറ്റ്കീപ്പറായി മാറിയത് ഇൗ സ്കൂളിൽ നിന്നാണ്.നഗരത്തിലെ കമാൻഡോ ക്രിക്കറ്റ് ക്ളബിനായാണ് കളിച്ചിരുന്നത്.
ആദ്യ പ്രണയം
വളരെ വേദനിപ്പിക്കുന്ന ഒരു പ്രണയകഥയുണ്ട് ധോണിയുടെ ജീവിതത്തിൽ. 2000ത്തിൽ ജൂനിയർ ഇന്ത്യൻ ടീമിലും എ ടീമിലുമൊക്കെ അവസരം ലഭിച്ചുതുടങ്ങുന്ന സമയത്താണ് പ്രിയങ്ക ജ്ധായെ പരിചയപ്പെടുന്നത്. അത് പ്രണയമായി വളർന്നു. എന്നാൽ 2002ൽ പ്രിയങ്ക ഒരു റോഡപകടത്തിൽ കൊല്ലപ്പെട്ടു. അത് ധോണിയെ തളർത്തി. ആ വേദനയിൽ നിന്ന് കരകയറാൻ ഒരു കൊല്ലത്തോളം വേണ്ടിവന്നു. പ്രിയങ്കയുടെ മരണത്തോടെ തകർന്നുപോയ മനസിനെ ഉണർത്താൻ ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കുകയായിരുന്നു.
സാക്ഷി
ഇന്ത്യൻ ക്യാപ്ടനായിക്കഴിഞ്ഞ ശേഷമാണ് വീണ്ടും ധോണിയുടെ ജീവിതത്തിലേക്ക് പ്രണയത്തിന്റെ കുളിർകാറ്റുമായി സാക്ഷിയെത്തുന്നത്. ഹോട്ടൽ മാനേജ്മെന്റ് വിദ്യാർത്ഥിയായിരുന്ന സാക്ഷി കൊൽക്കത്തയിലെ താജ് ബംഗാൾ ഹോട്ടലിൽ ട്രെയിനിംഗിനിടെ ധോണിയെ തിരിച്ചറിയാതെ ഐഡന്റിറ്റി കാർഡ് ചോദിച്ചതിൽ തുടങ്ങിയ ബന്ധമാണ് പ്രണയത്തിലേക്കും 2010ൽ വിവാഹത്തിലേക്കും എത്തിയത്. സാക്ഷി ധോണി പഠിച്ച ജവഹർ വിദ്യാമന്ദിർ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു എന്ന് കഥകളുണ്ട്. ഡെറാഡൂണിൽ തേയിലക്കമ്പനി നടത്തുകയായിരുന്നു സാക്ഷിയുടെ പിതാവ്. 2010 ജനുവരി നാലിനാണ് റാഞ്ചിയിൽ വച്ച് ധോണിയും സാക്ഷിയും തമ്മിലുള്ള വിവാഹം നടന്നത്. ധോണിക്കൊപ്പം എല്ലാകാര്യങ്ങളിലും സജീവമാണ് സാക്ഷി.
സിവ
2015 ഫെബ്രുവരി ആറിനാണ് ധോണിക്കൊരു പെണ്ണോമന പിറക്കുന്നത്. ആ സമയം ധോണി ലോകകപ്പിനായി ആസ്ട്രേലിയയിലായിരുന്നു. മകൾ ജനിക്കുന്ന സമയത്ത് ധോണി സാക്ഷിക്കൊപ്പമുണ്ടായിരുന്നില്ല. രാജ്യത്തിനോടുള്ള കടമ ആദ്യം , സ്വന്തം കാര്യം പിന്നീട് എന്നതായിരുന്നു ധോണിയുടെ ലൈൻ.
സിവ എന്നാണ് ആ കുസൃതിക്കുടുക്കയ്ക്ക് പേരിട്ടിരിക്കുന്നത്. ഇന്ന് സോഷ്യൽ മീഡിയയിലെ സൂപ്പർ താരമാണ് സിവ. മലയാളിയായ ആയയിൽ നിന്ന് കേട്ടുപഠിച്ച ' അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ" അടക്കമുള്ള മലയാളം പാട്ടുകൾ സിവ പാടുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇൗ ലോക്ക്ഡൗൺ കാലത്ത് സിവയ്ക്കൊപ്പമുള്ള നിരവധി വീഡിയോകൾ ധോണിയും പോസ്റ്റ് ചെയ്തിരുന്നു.
ധോണിപ്പട്ടാളം
ഇന്ത്യൻ ക്രിക്കറ്റ് ടീം യൂണിഫോം കഴിഞ്ഞാൽ ധോണിക്ക് ഏറ്റവുമധികം ഇഷ്ടമുള്ള യൂണിഫോം ഇന്ത്യൻ ആർമിയുടേതാണ്. പട്ടാളക്കാരോട് തികഞ്ഞ ആദരവും സ്നേഹവുമുള്ള ധോണിയെ 2011ൽ ടെറിട്ടോറിയൽ ആർമി ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിച്ചു. കപിൽ ദേവിന് ശേഷം ടെറിട്ടോറിയൽ ആർമിയിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ക്യാപ്ടനായിരുന്നു ധോണി.
ഇൗ പദവി കേവലമൊരു അലങ്കാരമായല്ല ധോണി കണ്ടത്. ലഫ്റ്റനന്റ് കേണൽ പദവി ലഭിച്ചശേഷം ടെറിട്ടോറിയൽ ആർമിക്കൊപ്പം പ്രാഥമിക പരിശീലനം പൂർത്തിയാക്കി. സമയം കിട്ടുമ്പോൾ സൈനിക ക്യാമ്പുകൾ സന്ദർശിക്കാനും സൈനികർക്കൊപ്പം സമയം ചെലവിടാനും ധോണി തയ്യാറാകുന്നു. 2015 ലോകകപ്പിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ നിന്ന് ഇടവേളയെടുത്തത് രണ്ടാം ഘട്ട സൈനിക പരിശീലനം പൂർത്തിയാക്കാനായിരുന്നു. ആഗ്രയിൽ പാരാട്രൂപ്പേഴ്സിനൊപ്പം പാരാ കമാൻഡോ ട്രെയിനിംഗ് നടത്തിയ ധോണി കാശ്മീരിലെ സൈനിക ക്യാമ്പുകളും സന്ദർശിച്ചു. ക്രിക്കറ്റ് പോലെ ധോണിയുടെ മറ്റൊരു ആവേശമാണ് സൈനിക സേവനം.
കർഷകൻ
ലോക്ക്ഡൗൺ കാലത്ത് ധോണി റാഞ്ചിയിലെ തന്റെ ഫാം ഹൗസിലാണ് ധോണി ചെലവിട്ടത്. പടുകൂറ്റൻ ഫാം ഹൗസാണ് മുൻ ഇന്ത്യൻ ക്യാപ്ടൻ റാഞ്ചിയിൽ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ ജൈവ കൃഷിയാണ് നടത്തുന്നതെന്ന് ചില വീഡിയോകളിൽ ധോണി പറഞ്ഞിരുന്നു. ഫാം ഹൗസിൽ മകൾക്കൊപ്പം കളിക്കുന്നതും ട്രാക്ടറോടിക്കുന്നതുമൊക്കെ സോഷ്യൽ മീഡിയ വീഡിയോകളിലൂടെ പുറത്തുവന്നിരുന്നു.
വാഹനപ്രേമി
ക്രിക്കറ്റ് ബാറ്റുപോലെ ധോണി വാഹനങ്ങളെയും സ്നേഹിക്കുന്നു . ബൈക്കുകളോട് പ്രത്യേക ഇഷ്ടം. പണ്ട് റാഞ്ചിയിലൂടെ ബൈക്കിൽ ചുറ്റിയടിക്കുന്നതായിരുന്നു പ്രധാന വിനോദം.ഹമ്മർ അടക്കമുള്ള എസ്.യു.വി വാഹനങ്ങളുടെ വലിയ നിര ധോണിയുടെ ഗാരേജിലുണ്ട്. ധോണിയുടെ പുതിയ വീടിന്റെ പ്രധാന ഭാഗം തന്നെ ഗാരേജാണ്. ബൈക്കുകളുടെ അറ്റകുറ്റപ്പണി സ്വന്തമായി ചെയ്യാനാണ് ഇഷ്ടം.