തിരുവനന്തപുരം: ഐ.ടി വകുപ്പിന് കീഴിലെ സ്ഥാപനത്തിൽ നിന്ന് സ്വപ്‌ന സുരേഷിനെ പിരിച്ചുവിട്ടു. ജോലി ചെയ്‌തിരുന്ന കെ.എസ്.ഐ.ടി.ഐ.എല്ലിന് കീഴിലെ സ്‌പേസ് പാർക്കിൽ നിന്നാണ് സ്വപ്നയെ പിരിച്ചുവിട്ടത്. മാർക്കറ്റിംഗ് ലെയ്‌സൺ ഓഫീസറായിരുന്നു സ്വപ്‌ന.
സ്വപ്നയുടേത് താത്ക്കാലിക നിയമനമാണെന്നാണ് ഐ.ടി വകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം എയർഇന്ത്യാ ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി തയ്യാറാക്കിയതിൽ സ്വപ്നക്കെതിരെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനമെടുത്തു. സ്വപ്ന എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരി ആയിരുന്നപ്പോഴാണ് സംഭവം.
വലിയ അളവിലാണ് സ്വപ്‌നയും സംഘവും സ്വര്‍ണം കടത്തിയിരുന്നതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. യു.എ.ഇ. കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്ന അനുഭവത്തില്‍ നയതന്ത്ര ബാഗേജിലെത്തുന്ന വസ്തുക്കളില്‍ പരിശോധന കുറവാണെന്ന തിരിച്ചറിവാണ് ഈ വഴി സ്വര്‍ണകടത്തിന് ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് കരുതുന്നു.
ശരീരത്തിലും മറ്റും ചെറിയ അളവില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തുന്നവരെ വിമാനത്താവളത്തില്‍ കസ്റ്റംസ് പിടിക്കുമ്പോള്‍ സ്വപ്‌നയുടെ സംഘം കിലോക്കണക്കിനാണ് പുഷ്പം പോലെ കള്ളക്കടത്ത് നടത്തിയത്. ഒരു ഇടപാടില്‍ നിന്നുമാത്രം 25 ലക്ഷത്തില്‍പരം രൂപയാണ് ഇവര്‍ സമ്പാദിച്ചിരുന്നത്.
അതേസമയം ഇത്രയും സാമ്പത്തിക ശേഷിയുണ്ടായിട്ടും സര്‍ക്കാരിന് കീഴിലെ ഐ.ടി വകുപ്പില്‍ ജോലിനോക്കിയത് എന്തിനെന്ന് കൂടുതല്‍ അന്വേഷണം നടത്തേണ്ടി വരും. അതുപോലെ തന്നെ ഇത്ര വലിയ അളവില്‍ കടത്തിയ സ്വര്‍ണം ആര്‍ക്കായിരുന്നു കൈമാറിയതെന്നും അന്വേഷണം നടത്തും.