സാൻഫ്രാൻസിസ്കോ: യു.എസിൽ ശക്തമായ വംശീയ വിരുദ്ധ സമരങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വിറ്ററും. കംപ്യൂട്ടർ പ്രോഗ്രാമിംഗ് ഭാഷയിലെ വംശീയ സൂചനകളുള്ള വാക്കുകൾ അൽഗോരിതത്തിൽ നിന്ന് നീക്കിയാണ് ട്വിറ്റർ തങ്ങളുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ചിരിക്കുന്നത്. ഉടമ, അടിമ, കരിമ്പട്ടിക തുടങ്ങി അർത്ഥങ്ങൾ വരുന്ന മാസ്റ്റർ, സ്ളേവ്, ബ്ളാക് ലിസ്റ്റ്, വൈറ്റ് ലിസ്റ്റ് എന്നീ വാക്കുകളാണ് നീക്കിയത്. ഇതോടൊപ്പം ലിംഗഭേദം സൂചിപ്പിക്കുന്ന ഹി, ഹിസ് വാചകങ്ങളോടും ട്വിറ്റർ ഗുഡ്ബൈ പറഞ്ഞിട്ടുണ്ട്. മൈക്രോസോഫ്ട്, ആപ്പിൾ, ഗൂഗിൾ ക്രോം തുടങ്ങിയ കമ്പനികളും ഇത്തരം വാക്കുകൾ ഉപേക്ഷിക്കുന്നതായി അറിയിച്ചിട്ടുണ്ട്.
പ്രോഗ്രാമിംഗ് ഭാഷയിൽ മാസ്റ്റർ എന്നത് ഒരു കോഡിന്റെ പ്രാഥമിക പതിപ്പാണ്. സ്ളേവ് അതിന്റെ അനുകരണവും. ഇവ ഇനി മുതൽ ലീഡർ, ഫോളോവർ അല്ലെങ്കിൽ പ്രൈമറി, റെപ്ളിക്ക എന്നായിരിക്കും അറിയപ്പെടുക. യാന്ത്രികമായി നിരസിക്കേണ്ടവയുടെ പട്ടിക ഉൾക്കാെള്ളുന്ന ബ്ളാക്ക് ലിസ്റ്റ് ഡിനലിസ്റ്റെന്നും വൈറ്റ് ലിസ്റ്റ് അലൗലിസ്റ്റെന്നും വിളിക്കപ്പെടും. അമേരിക്കയിലെ പ്രശസ്ത ബാങ്കായ ജെ.പി മോർഗൻ ഷേസും സമാന പാത പിന്തുടരുമെന്ന തീരുമാനം അറിയിച്ചിട്ടുണ്ട്. ആഫ്രോ - അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയിഡിന്റ കൊലപാതകത്തെ തുടർന്നാണ് യു.എസിൽ വംശീയ വിരുദ്ധ സമരം ശക്തമായത്.