കുവൈറ്റ്: വിദേശജോലിക്കാരെ കുറയ്ക്കാനുള്ള ഗൾഫ് രാജ്യങ്ങളിലെ തീരുമാനം നടപ്പിലാകുമ്പോൾ കുവൈറ്റിൽ നിന്നു മാത്രം എട്ടു ലക്ഷത്തോളം ഇന്ത്യക്കാർക്ക് സ്വദേശത്തേക്ക് മടങ്ങേണ്ടി വരും. കുവൈറ്റിലെ നാഷണൽ അസംബ്ളി കമ്മിറ്റി ഇതു സംബന്ധിച്ച പ്രവാസി ക്വാട്ട ബിൽ അംഗീകരിക്കുന്നതോടെയാണ് ഈ അവസ്ഥ വന്നിരിക്കുന്നത്. നാഷണൽ അസംബ്ളിയിലെ ലീഗൽ ലെജിസ്ളേറ്റിവ് കൗൺസിലുകൾ ഇത് നിയമമാക്കുന്നതിന് പിന്തുണ നൽകിക്കഴിഞ്ഞു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 15 ശതമാനം മാത്രമേ ഇന്ത്യക്കാർ ഉണ്ടാകാവൂ എന്നാണ് നിയമം പറയുന്നത്. നിലവിൽ 1.45 മില്യൺ ഇന്ത്യക്കാരാണ് കുവൈറ്റിലുള്ളതെന്ന് രാജ്യത്തെ ഒരു പ്രധാന പത്രം റിപ്പോർട്ട് ചെയ്യുന്നു.
പെട്രോളിയത്തിന്റെ വിലയിടിവും കൊറോണ വ്യാപനവുമാണ് ഇത്തരമൊരു നിയമഭേദഗതിക്ക് കുവൈറ്റ് സർക്കാരിനെ പ്രേരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ മാസം കുവൈറ്റ് പ്രധാനമന്ത്രി ഷേക്ക് സബ അൽ ഖാലിദ് അൽ സബയാണ് പ്രവാസികളുടെ എണ്ണം 70 ശതമാനത്തിൽ നിന്ന് 30 ശതമാനമാക്കി നിജപ്പെടുത്താൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സ്പീക്കർ മർസക് അൽ ഖനേമും സർക്കാരിന്റെ നയം വ്യക്തമാക്കിക്കഴിഞ്ഞു. പ്രവാസികളിൽ ഭൂരിഭാഗവും എഴുത്തും വായനയും പോലും അറിയാത്തവരാണ്. അത്തരക്കാരെ രാജ്യത്തിന് ആവശ്യമില്ല. ആതുര ശുശ്രൂഷാ രംഗങ്ങളിൽ ഉൾപ്പെടെ നിരവധി പ്രഗത്ഭരായ വിദേശികൾ ജോലി നോക്കുന്നു എന്ന കാര്യം മറന്നല്ല രാജ്യം ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നും സ്പീക്കർ പറഞ്ഞു. നിലവിൽ ഇന്ത്യൻ എംബസിക്കു കീഴിൽ മാത്രം 28000 ഇന്ത്യക്കാർ ജോലി നോക്കുന്നുണ്ട്. മറ്റുള്ളവരെല്ലാം സ്വകാര്യ മേഖലയിലാണ്. 60000 കുട്ടികൾ അവിടത്തെ ഇന്ത്യൻ സ്കൂളുകളിൽ പഠിക്കുന്നുണ്ട്. അവരുടെയൊക്കെ ഭാവി എന്താകുമെന്ന ആശങ്കയിലാണ് പ്രവാസികൾ.