ennio

റോം: പ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞൻ എന്നിയോ മൊറികോൺ അന്തരിച്ചു. 91 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് റോമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൊറികോൺ ഇന്നലെയാണ് മരണമടഞ്ഞത്. മൂന്നു തവണ വീതം ഗ്രാമി, ഗോൾഡൻ ഗ്ളോബ് പുരസ്കാരങ്ങൾ നേടിയിട്ടുള്ള മൊറികോൺ 2007ലും 20016ലും ഓസ്കാർ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ദ അൺടച്ചബിൾസ്, ദ ഹെയ്റ്റ്ഫുൾ എയ്റ്റ്, ദ ബാറ്റിൽ ഒഫ് അൽജിയേഴ്സ്, ദ ഗുഡ് ദ ബാഡ് ആൻഡ് ദ അഗ്ളി, ദ മിഷൻ, സിനിമ പാരഡെസോ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇവയ്ക്കു പുറമേ ടെലിവിഷൻ പരിപാടികൾക്കായും മൊറികോൺ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. സംസ്കാരം തികച്ചും സ്വകാര്യമായി നടക്കുമെന്നും അത് എന്നായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മൊറികോണിന്റെ അഭിഭാഷകൻ മാദ്ധ്യമങ്ങളെ അറിയിച്ചു. 1928 നവംബർ 10ന് റോമിലാണ് മൊറികോൺ ജനിച്ചത്. ഗാനരചയിതാവായ മറിയ ട്രവിയയാണ് മൊറികോണിന്റെ ഭാര്യ. മാർക്കോ, അലസാൻട്ര, സംഗീതജ്ഞനായ ആൻഡ്രി, സംവിധായകൻ ജോവന്നി മൊറികോൺ9 എന്നിവരാണ് മക്കൾ.