4-1ന് വിയ്യാറയലിനെ കീഴടക്കി
മാഡ്രിഡ്: തുടർച്ചയായ രണ്ട് സമനിലകൾക്ക് ശേഷം ഗോളടിമേളത്തോടെ ബാഴ്സലോണ വിജയ വഴിയിൽ തിരിച്ചെത്തിയതോടെ സ്പാനിഷ് ലാലിഗയിൽ കിരീടപ്പോര് മുറുകി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ബാഴ്സലോണ ഒന്നിനെതിരെ നാല് ഗോളുകൾക്ക് വിയ്യാറയലിനെയാണ് വീഴ്ത്തിയത്.
വിയ്യാറയലിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ലൂയിസ് സുവാരസ്, അന്റോയിൻ ഗ്രീസ്മാൻ, അൻസു ഫാറ്രി, എന്നിവർ ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടപ്പോൾ പൗ ടോറസ്സിന്റെ വകയായി സെൽഫ് ഗോളും സന്ദർശകരുടെ അക്കൗണ്ടിൽ എത്തി. ജറാർഡ് മൊറേനോയാണ് വിയ്യാറയലിനായി സ്കോർ ചെയ്തത്.
ഇടവേളയ്ക്ക് ശേഷം ഗ്രിസ്മാൻ ബാഴ്സയുടെ ആദ്യ ഇലവനിൽ തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്. മൂന്നാം മിനിറ്റിൽ തന്നെ ടോറസിന്റെ സെൽഫ്ഗോളിൽ ബാഴ്സ ലീഡെടുത്തു. 14-ാം മിനിട്ടിൽ മൊറേനോ വിയ്യാ റയലിനെ സമനില നേടിക്കൊടുത്തു. എന്നാൽ ഇരുപതാം മിനിറ്റിൽ സുവാരസ് നേടിയ ഗോൾ ബാഴ്സയെ വീണ്ടും മുന്നിലെത്തിക്കുകയായിരുന്നു. ഗ്രീസ്‌മാൻ 45-ാം മിനിട്ടിലും ഫാറ്രി 87-ാം മിനിട്ടിലും ലക്ഷ്യം കണ്ടതോടെ ബാഴ്സ ഗംഭീര ജയം ഉറപ്പിച്ചു. ജയത്തോടെ 34 മത്‌സരങ്ങളിൽ നിന്ന് 73 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ ബാഴ്സലോണ ഇപ്പോൾ ഒന്നാം സ്ഥാനത്തുള്ള റയലുമായുള്ള അകലം നാല് പോയിന്റായി കുറച്ചു.
ലിവറിന് ജയം, സിറ്റിക്ക് തോൽവി
ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കിരീടമുറപ്പിച്ച ലിവർപൂൾ വിജയക്കുതിപ്പ് തുടരുമ്പോൾ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്രർ സിറ്റിക്ക് തോൽവി. സൗത്താംപ്ടണാണ് ഏകപക്ഷീയമായ ഒരു ഗോളിന് സിറ്റിയെ തകർത്തത്. ചെ ആഡംസാണ് പതിനാറാം മിനിട്ടിൽ സൗത്താംപ്ടണിന്റെ വിജയ ഗോൾ നേടിയത്. എവേ മത്സരത്തിൽ സിറ്രിയുടെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. മറ്രൊരു മത്സരത്തിൽ ലിവർപൂൾ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ആസ്റ്രൺവില്ലയെ കീഴടക്കി. മാനേയും ജോൺസുമാണ് രണ്ടാം പകുതിയിൽ ലിവറിന്റെ വിജയ ഗോളുകൾ നേടിയത്. 33 മത്സരങ്ങളിൽ നിന്ന് 89 പോയിന്റാണ് ലിവർപൂളിനിപ്പോളുള്ളത്.