covid

പത്തനംതിട്ട :ക്വാറന്റൈൻ ലംഘിച്ച് നിരത്തിലിറങ്ങിയ പ്രവാസിയെ പൊലീസും ആരോഗ്യ പ്രവർത്തകരും ഒാടിച്ചിട്ട് പിടികൂടി ആശുപത്രിയിലാക്കി. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. നാല് ദിവസം മുമ്പ് റിയാദിൽ നിന്നെത്തിയ നാൽപ്പത്തേഴുകാരനാണ് ഹോം ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി അരമണിക്കൂറോളം നഗരത്തിൽ ഭീതിവിതച്ചത്.

ചെന്നീർക്കരയിൽ നിന്ന് മാസ്ക് വയ്ക്കാതെ ഇരുചക്ര വാഹനത്തിൽ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെത്തിയ ഇയാളെ പൊലീസ് വാഹന പരിശോധനയ്ക്കിടെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന് തുടക്കം. വിദേശത്ത് നിന്നെത്തിയതാണെന്ന് പറഞ്ഞപ്പോൾ ക്വാറന്റൈനിൽ പോകാൻ നിർദ്ദേശിച്ച പൊലീസിനോട് ഇയാൾ തട്ടിക്കയറി. ബഹളം കേട്ട് തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിട്ട ശേഷം പൊലീസ് ആരോഗ്യപ്രവർത്തകരെ വിവരമറിയിച്ചു. ആംബുലൻസുമായെത്തി ആരോഗ്യപ്രവർത്തകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.

പി.പി.ഇ കിറ്റില്ലാതെയാണ് ആരോഗ്യപ്രവർത്തകരെത്തിയത്. തുടർന്ന് ജനറൽ ആശുപത്രിയിൽ നിന്ന് പി.പി.ഇ കിറ്റ് എത്തിച്ച് റോഡിൽ നിന്നുതന്നെ ധരിച്ചതിന് ശേഷം പിടികൂടാൻ ശ്രമിച്ചപ്പോൾ ഇയാൾ ഒാടി. റോഡിനെതിർവശത്തെത്തിയപ്പോൾ തെന്നിവീണു. തുടർന്ന് കൈയും കാലും കെട്ടി സ്ട്രെച്ചറിൽ കിടത്തി കെട്ടിയാണ് ആംബുലൻസിൽ കയറ്റിയത്. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലാണിപ്പോൾ പ്രവാസി. ഫയ‌ർഫോഴ്സ് സംഭവ സ്ഥലം അണുവിമുക്തമാക്കി.

ഇയാൾ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും വീട്ടിൽ നിന്ന് വഴക്കിട്ടിറങ്ങിയതാണെന്നും പൊലീസ് പറഞ്ഞു.