വാഷിംഗ്ടൺ: ലോകത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് കൊവിഡ് വ്യാപനം തുടരുന്നു. അമേരിക്ക, ബ്രസീൽ എന്നീ രാജ്യങ്ങളിലാണ് അതിതീവ്ര വ്യാപനമുള്ളത്. അമേരിക്കയിൽ രോഗികളുടെ എണ്ണം 30 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം - 1.32 ലക്ഷം. ബ്രസീലിൽ 16 ലക്ഷം രോഗികളുണ്ട്. മരണം - 64,900. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ആസ്ട്രേലിയയിൽ നിയന്ത്രണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഈ നൂറ്റാണ്ടിലാദ്യമായി ആസ്ട്രേലിയൻ സംസ്ഥാനങ്ങളായ വിക്ടോറിയയുടേയും ന്യൂ സൗത്ത് വെയിൽസിന്റേയും അതിർത്തികൾ അടച്ചു. റഷ്യയിൽ ഇന്നലെയും 6000ത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന മരണം 135.രാജ്യത്ത് രോഗവ്യാപനം തീവ്രമാണെങ്കിലും, മരണനിരക്ക് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണ്. ആകെ മരണം - 10,296.
ലോകത്താകെ മരണം - 5.37 ലക്ഷം.
രോഗികൾ - 1.15 കോടി.
രോഗവിമുക്തർ - 65 ലക്ഷം
സ്വിറ്റ്സർലാൻഡിൽ മാസ്ക് ധാരണം നിർബന്ധമാക്കി.
78 ദിവസത്തിന് ശേഷം ഫിജിയിൽ വീണ്ടും കൊവിഡ് റിപ്പോർട്ട് ചെയ്തു.
പാകിസ്ഥാൻ ആരോഗ്യമന്ത്രി സഫർ മിർസ, ബൊളീവിയൻ ആരോഗ്യമന്ത്രി ഐഡി റോക്ക എന്നിവർക്ക് കൊവിഡ്.
കനേഡിയൻ നടൻ നിക്ക് കോർഡെറൊ കൊവിഡ് ബാധിച്ച് മരിച്ചു. 41 വയസായിരുന്നു.
കൊവിഡ് വായുവിലൂടെ പകരും കൊവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ. ഇതിനു തെളിവുണ്ടെന്നും കൊവിഡിന്റെ മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കണമെന്നും 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഒരു ജേണൽ പുറത്തുവിടാനും പദ്ധതിയുണ്ട്. എന്നാൽ, വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവില്ലെന്ന നിലപാടിലാണ് ഡബ്ല്യു. എച്ച്.ഒ. ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് ഡബ്ല്യു. എച്ച്.ഒയുടെ അണുബാധ നിയന്ത്രണ വിഭാഗം തലവൻ ഡോ.ബെനഡെറ്റ അലെഗ്രാൻസി പറയുന്നു. പ്രാഥമികമായി കൊറോണ വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവങ്ങളിലൂടെ രോഗം അതിവേഗം വ്യാപിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്.