തിരുവനന്തപുരം: ഇടുക്കിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി ലംഘിച്ച് നിശാപാര്‍ട്ടിയും നഗ്നനൃത്ത പരിപാടികളും അരങ്ങേറിയത് മുഖ്യമന്ത്രിയുടേയും വൈദ്യുത മന്ത്രിയുടേയും അറിവോടെ ആണോയെന്ന് തുറന്ന് പറയാന്‍ സി.പി.എം തയ്യാറാകണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഈ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി എം.എം.മണിയാണ്. ഈ സംഭവത്തെ കുറിച്ച് അടിയന്തരമായി അന്വേഷിച്ച് കെ.പി.സി.സിയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായി കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.ടോമി കല്ലാനി, റോയി പൗലോസ്, ഇടുക്കി ഡി.സി.സി അദ്ധ്യക്ഷൻ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരെ കെ.പി.സി.സി ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.
നഗ്നനൃത്ത പരിപാടികളുടെ ഉദ്ഘാടനം നടത്തി വിവാദ മുതലാളിയില്‍ നിന്ന് ഒരു കോടിരൂപ കൈപ്പറ്റിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടല്‍ മൂലമാണ് ഈ നാണംകെട്ട പരിപാടികളെല്ലാം വൈദ്യുത മന്ത്രിയുടെ നിയോജക മണ്ഡലത്തില്‍ പൊടിപൊടിക്കുന്നതെന്ന് വ്യാപകമായ ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഇടുക്കിയില്‍ നടന്ന് കൊണ്ടിരിക്കുന്നതെല്ലാം അനധികൃതമായ ഭൂമികയ്യേറ്റവും പ്രകൃതി ചൂഷണവുമാണ്. മന്ത്രി മണിയുടേയും കുടുംബത്തിന്‍റെയും പേര് ഈ ആരോപണവുമായി പലവട്ടം ഉയര്‍ന്ന് വന്നിട്ടുണ്ട്. വിവാദ ക്രഷര്‍ യൂണിറ്റ് സ്ഥിതി ചെയ്യുന്നത് റവന്യൂ ഭൂമിയിലാണ്. ജില്ലാ ഭരണകൂടം സ്‌റ്റോപ് മെമ്മോ നല്‍കി പ്രവര്‍ത്തനം നിര്‍ത്തിയ ക്രഷര്‍ യൂണിറ്റ് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ട്.
രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതി ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് വിവാദ ഉടമ. ഇത്തരം ക്രിമിനല്‍ സംഘങ്ങളുമായിട്ടാണ് കേരളത്തിലെ മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്നത് ലജ്ജാകരമാണെന്നു മുല്ലപ്പള്ളി വിമർശിച്ചു.
കോടികള്‍ നല്‍കിയാല്‍ എന്തു നെറികേടിനും ഒപ്പമുണ്ടാകുമെന്ന അപകടകരമായ സന്ദേശമാണ് ഇതിലൂടെ കേരള സര്‍ക്കാര്‍ നല്‍കിയത്.എം.എല്‍.എ പങ്കെടുക്കുകയും ചില പൊതുപ്രവര്‍ത്തകന്‍മാര്‍ മദ്യപിച്ച് ലക്കുകെട്ട് നര്‍ത്തകിയോടൊപ്പം അഴിഞ്ഞാടുന്നതും വാര്‍ത്താചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടിയും മദ്യസല്‍ക്കാരവും നടന്നിട്ടും പോലീസ് ആദ്യം കേസെടുക്കാതിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടല്‍ കൊണ്ടാണോയെന്നും മുല്ലപ്പള്ളി ചോദിച്ചു.