covid-19

വാഷിംഗ്ടൺ: കൊവിഡ് 19 വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞർ. ഇതിനു തെളിവുണ്ടെന്നും കൊവിഡിന്റെ മാനദണ്ഡങ്ങൾ പരിഷ്ക്കരിക്കണമെന്നും 32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞർ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അടുത്തയാഴ്ച ഇതു സംബന്ധിച്ച ഒരു ജേണൽ പുറത്തുവിടാനും പദ്ധതിയുണ്ട്. എന്നാൽ, വൈറസ് വായുവിലൂടെ പകരുന്നതിന് തെളിവില്ലെന്ന നിലപാടിലാണ് ഡബ്ല്യു. എച്ച്.ഒ. ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്ന് ഡബ്ല്യു. എച്ച്.ഒയുടെ അണുബാധ നിയന്ത്രണ വിഭാഗം തലവൻ ഡോ.ബെനഡെറ്റ അലെഗ്രാൻസി പറയുന്നു. പ്രാഥമികമായി കൊറോണ വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ മൂക്കിലൂടെയും വായിലൂടെയും പുറത്തുവരുന്ന സ്രവങ്ങളിലൂടെ രോഗം അതിവേഗം വ്യാപിക്കുമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നത്.