ന്യൂഡൽഹി : ഇന്ത്യ - ചൈന അതിർത്തി സംഘർഷ ചർച്ച രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ നിർണായകമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയും സ്റ്റേറ്റ് കൗൺസിലറുമായ വാംഗ് യിയുമായി നടത്തിയ
ചർച്ച. ഞായറാഴ്ച വീഡിയോ കോൾ വഴിയാണ് ഇവരും ചർച്ച നടത്തിയത്. രണ്ട് മണിക്കൂറോളം ഇരുവരുടെയും ചർച്ച നീണ്ടു നിന്നു. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കുക എന്നതായിരുന്നു ചർച്ചയിലെ പ്രധാന വിഷയമെന്നാണ് റിപ്പോർട്ട്.
സൗഹൃദപരമായ ചർച്ചയിൽ ഇരുവരും അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ താത്പര്യം അറിയിച്ചതായാണ് വിവരം. ഭാവിയിൽ നിയന്ത്രണരേഖയിൽ ഇത്തരം പ്രതിസന്ധികൾ ഉണ്ടാകാതിരിക്കാൻ ഒരുമിച്ച് പ്രവർത്തിക്കുന്നതിനെ പറ്റിയും ഇരുവരും സംസാരിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
തൊട്ടുപിന്നാലെ, സംഘർഷ മേഖലയായ ഗൽവാൻ താഴ്‌വരയിൽ നിന്നും പീപ്പിൾസ് ലിബറേഷൻ ആർമി പിന്മാറുന്നതായുള്ള വിവരങ്ങൾ പുറത്തു വന്നിരുന്നു. ജൂൺ 15ന് സംഘർഷമുണ്ടായ ഗൽവാൻ താഴ്‌വരയിലെ പ്രദേശത്ത് നിന്നും ചൈനീസ് സൈന്യം ഒരു കിലോമീറ്ററോളം ഉൾവലിഞ്ഞതായാണ് റിപ്പോർട്ട്.
ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ സുപ്രധാന ചർച്ച ചൈനീസ് സേനാ പിന്മാറ്റത്തിൽ നിർണായക പങ്ക് വഹിച്ചെന്നാണ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. കഴിഞ്ഞ ദിവസമാണ് ഡോവലിനെ ഇന്ത്യ - ചൈന സംഘർഷ ചർച്ചകൾക്കായി കേന്ദ്ര സർക്കാർ നിയോഗിച്ചത്.