sijo

തൃശൂർ: കഞ്ചാവ് വിൽപ്പന എക്‌സൈസിന് ഒറ്റിക്കൊടുത്ത എതിർസംഘത്തിലെ രണ്ടുപേരെ പിക്കപ്പ് വാൻ ഇടിച്ചു വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ റോഡിൽ വെട്ടിക്കൊന്നു. അവണൂർ വരടിയം തെക്കേതുരുത്ത് തുഞ്ചൻ നഗർ ബസ് സ്റ്റോപ്പിന് സമീപം താമസിക്കുന്ന ചിറയത്ത് വീട്ടിൽ സിജോയാണ് (28)ദേഹമാസകലം വെട്ടേറ്റ് മരിച്ചത്.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ അവണൂർ മണിത്തറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന് സമീപമായിരുന്നു അക്രമം. സുഹൃത്തിന്റെ വീട്ടിൽ നിന്ന് രണ്ട് ബൈക്കുകളിലായി മടങ്ങുകയായിരുന്ന സിജോ അടക്കമുള്ള അഞ്ചംഗ സംഘത്തെ രണ്ട് മാരുതി സ്വിഫ്റ്റ് കാറുകളിലെത്തിയ സംഘം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.സിജോയെ വലിച്ചിഴച്ച് കൊണ്ടുവന്ന് വെട്ടിക്കൊല്ലുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വരടിയം സ്വദേശി രാജേഷിന് പരിക്കേറ്റു. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

ജാമ്യത്തിലിറങ്ങിയശേഷം സ്വകാര്യ ബസിൽ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു സിജോ. ലൂസിയാണ് മാതാവ്. അവിവാഹിതനാണ്. സഹോദരൻ: ഡയമണ്ട്.

2019 ഏപ്രിൽ 24ന് നടന്ന ഇരട്ടക്കൊലക്കേസിൽ രണ്ടാം പ്രതിയാണ് സിജോ. മുണ്ടത്തിക്കോട് രാജഗിരി ചൊവ്വല്ലൂർ വീട്ടിൽ ക്രിസ്റ്റഫർ (35), മുണ്ടൂർ പറവട്ടാനി വീട്ടിൽ ശ്യാം (24) എന്നിവരാണ് അന്ന് കൊല്ലപ്പെട്ടത്. ഇന്നലെ നടന്നതിന് സമാന രീതിയിൽ തന്നെയായിരുന്നു അന്നത്തെയും കൊലപാതകം. അക്രമം നടത്തിയവരും വെട്ടേറ്റവരും നിരവധി കഞ്ചാവ്, അടിപിടിക്കേസുകളിൽ പ്രതികളായിരുന്നു. ജയിലിലായിരുന്ന സിജോ ഉൾപ്പെടെയുള്ള പ്രതികൾക്ക് കൊവിഡ് കാലത്താണ് ജാമ്യം ലഭിച്ചത്.
ഡോഗ് സ്‌ക്വാഡും,ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.