ലണ്ടൻ : കഴിഞ്ഞ ദിവസമാണ് യു.കെയിലെ വെയ്ൽസിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഒരു ലാറ്റിനമേരിക്കൻ അതിഥിയെത്തിയത്. ആളൊരു ഇത്തിരിക്കുഞ്ഞൻ തവളയാണ്.
സൗത്ത് അമേരിക്കയിൽ നിന്നും 5,000 മൈൽ സഞ്ചരിച്ചാണ് വെയ്ൽസിലെ കാർമർതെൻഷെയറിൽ ഈ തവള എത്തിയിരിക്കുന്നത്. പെരുവിരലിനോളം വലിപ്പമുള്ള തവള വാഴപ്പഴക്കുലകൾക്കൊപ്പമാണ് വെയ്ൽസിലെത്തിയത്. ' ആസ്ഡ ' എന്നാണ് ഈ കുഞ്ഞൻ 'വിദേശി ' തവളയ്ക്ക് നൽകിയിരിക്കുന്ന ഓമനപ്പേര്. കൊളംബിയയിൽ നിന്നാണ് വാഴപ്പഴങ്ങൾ ഇംഗ്ലണ്ടിലേക്കെത്തിയത്. വർഷവും ടൺ കണക്കിന് വാഴപ്പഴമാണ് കൊളംബിയയിൽ നിന്നും യു.കെയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതിനിടെയിൽ എങ്ങനെയോ പെട്ടുപോയതാണ് ഈ പാവം തവള. മൃഗസംരക്ഷണ പ്രവർത്തകർ ഈ അതിഥി തവളയെ ഇപ്പോൾ പരിചരിക്കുകയാണ്. ചീവീടിനെയും ചെറിയ പ്രാണികളെയുമൊക്കയാണ് ആസ്ഡയുടെ ആഹാരം. കൊളംബിയയിൽ കാണപ്പെടുന്ന ബനാന ട്രീ ഫ്രോഗ് ഇനത്തിൽപ്പെട്ടതാണ് ആസ്ഡ. ഹാവെർഫോർഡ് വെസ്റ്റിലെ സൈലന്റ് വേൾഡ് സൂ എന്ന മറൈൻ ലൈഫ് സ്പെഷ്യലിസ്റ്റ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ് ആസ്ഡയെ.
പഴക്കുലകളിലും മറ്റും ജീവികളെ കണ്ടെത്തുന്നത് ലോകത്ത് ഇത് ആദ്യമായല്ല. എന്നാൽ ഇത്രയും ദൂരം സഞ്ചരിച്ച് സുരക്ഷിതമായി എത്താൻ കഴിഞ്ഞത് അപൂർവമാണ്. ട്രീ ഫ്രോഗ് ഇനത്തിൽപ്പെട്ട ഏകദേശം 800 ഓളം തവളകൾ ഭൂമിയിൽ കാണപ്പെടുന്നു. ഇതിൽ 600 ഓളം സ്പീഷീസുകൾ സൗത്ത് അമേരിക്കയിൽ കാണപ്പെടുന്നു. ഇവയിൽ മിക്കതിനും വലിപ്പം നന്നേ കുറവുമാണ്.