ന്യൂഡൽഹി: നൂറോളം കമ്പനികൾ ലോകത്ത് കൊവിഡ് വാക്സിൻ കണ്ടെത്താനായി മത്സര ബുദ്ധിയോടെ നിരന്തരം പരിശ്രമത്തിലേർപ്പെട്ടിരിക്കുകയാണ്.ഇക്കൂട്ടത്തിൽ ഇന്ത്യയിൽ നിന്നുളള ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെകിൻ്റെ വാക്സിൻ സവിശേഷ പ്രാധാന്യമർഹിക്കുന്നു. ഐസിഎംആറിൻറെ സഹകരണത്തോടെ നിർമ്മിക്കുന്ന വാക്സിൻ മനുഷ്യരിൽ പരീക്ഷണം നടത്താനും സാധാരണ ജനങ്ങൾക്കായി വിപണിയിലെത്തിക്കാനും നൽകിയിരിക്കുന്ന സമയം ആറ് ആഴ്ചയാണ്.
ഈ ആഴ്ച ആദ്യമാണ് മനുഷ്യരിൽ പരീക്ഷണം നടത്താൻ ഭാരത് ബയോടെകിൻ്റെ വാക്സിന് അനുമതി ലഭിച്ചത്. ആഗസ്‌റ്റ് 15ഓടെ പൊതു ഉപയോഗത്തിനായി വാക്സിൻ പുറത്തിറക്കുമെന്നാണ് ജുലായ് 2ന് പുറത്തിറക്കിയ കത്തിൽ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) അറിയിച്ചത്. സർക്കാർ വാക്‌സിൻ്റെ പുരോഗതി നിരന്തരം വീക്ഷിച്ചു കൊണ്ടിരിക്കുകയുമാണ്.
എന്നാൽ വാക്സിൻ ഉപയോഗത്തിന് സുരക്ഷിതമാണെന്നോ, വാക്സിൻ ഉപയോഗിച്ചാൽ രോഗികളുടെ അസുഖം ഭേദമാകുമെന്നോ ഇതുവരെ ഒരു തെളിവും ലഭിച്ചിട്ടില്ല.മാത്രമല്ല ചൈനയിലും അമേരിക്കയിലും വികസിപ്പിക്കുന്ന വാക്സിനുകളുടെ സമയം നോക്കുമ്പോൾ ആറാഴ്ച സമയം വളരെ ചെറുതാണ് എന്നും കാണാവുന്നതാണ്.
രാജ്യത്ത് കുതിച്ചുയരുന്ന കൊവിഡ് കണക്കുകളെ പിടിച്ചുകെട്ടാൻ ഫലപ്രദമായ ഔഷധം കൂടിയേ തീരൂ.ഇതിനുളള അതിതീവ്ര ശ്രമത്തിൽ തന്നെയാണ് ഐസിഎംആറും സർക്കാരും. 6,97,000 പേരാണ് രാജ്യത്ത് ഇതുവരെ രോഗബാധിതരായുളളത്. ലോകരാജ്യങ്ങളിൽ കൊവിഡ് പോസിറ്റീവായ രോഗികളുളളവയിൽ മൂന്നാമതാണ് രാജ്യം ഇപ്പോൾ. ലോക്ഡൗൺ മൂലം സാമ്പത്തികമായി ക്ഷീണം സംഭവിച്ചത് വാക്സിൻ കണ്ടെത്തുന്നതിലൂടെ മറികടക്കാനാണ് ശ്രമിക്കുന്നത്.
ഐസിഎംആർ വാക്സിൻ വികസന പ്രക്രിയ ആഗോള നിബന്ധനകൾ അനുസരിച്ച് തന്നെയാണ് മുന്നേറുന്നത്.ആദ്യ ഘട്ടത്തിൽ 375 പേരിലും രണ്ടാം ഘട്ടത്തിൽ 750 പേരിലുമാണ് പരീക്ഷണം നടത്തുക. എന്നാൽ അത്തരത്തിൽ ചെയ്യാനാകില്ലെന്നും അഭിപ്രായം ചില വിദഗ്ധർക്കുണ്ട്. പകർച്ചാവ്യാധികളെ കുറിച്ച് പഠിക്കുന്ന ദേശീയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഉപദേശക വിഭാഗം ചെയർമാനായ ജയപ്രകാശ് മുളിയിൽ അത്തരം അഭിപ്രായമുളളയാളാണ്. വാക്സിൻറെ പ്രാപ്തിയും, സുരക്ഷിതത്വവും തെളിയിച്ചെടുക്കുക എന്നത് സങ്കീർണമായൊരു പ്രക്രിയയാണ്. അതിന് ഇത്ര ചെറിയ സമയം പോരെന്നാണ് ജയപ്രകാശ് അഭിപ്രായപ്പെടുന്നത്.
'കൊവാക്സിൻ' എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിൻ പുറത്ത് വരുന്നതോടെ സ്കൂളുകളും, ഫാക്ടറികളും, ഓഫീസുകളും പഴയതുപോലെ പ്രവർത്തനം തുടങ്ങുകയും സാമ്പത്തിക രംഗം ആർജ്ജവം കൈവരിക്കുകയും ചെയ്യും. പോളിയോ,ജപ്പാൻ ജ്വരം,സിക്ക വൈറസ് ഇവക്കെതിരെയുളള വാക്സിനുകൾ കമ്പനി കണ്ടെത്തി കഴിഞ്ഞു. വരുംനാളുകളിൽ കൊവാക്സിനെ കുറിച്ചുളള അറിയിപ്പുകൾക്ക് കാതോർക്കുകയാണ് രാജ്യവും ലോകരാജ്യങ്ങളും.