ന്യൂഡൽഹി:സാധാരണ നമ്മൾ എങ്ങനെയാണ് ജന്മദിനം ആഘോഷിക്കുക? പുത്തൻ വസ്ത്രം ധരിച്ച്, കേക്ക് മുറിച്ച്,നല്ല ഭക്ഷണം തയ്യാറാക്കി കഴിച്ചും ഒക്കെയാവും നമ്മുടെ ആഘോഷം. ഇത്തവണ പക്ഷേ കൊറോണ വൈറസ് കാരണം ആഘോഷം അൽപ്പം കുറഞ്ഞ് കാണും. ജൂലായ് മൂന്നിന് എണ്‍പത്തിയൊന്നാം ജന്മദിനം ഒരു മുത്തശ്ശി ആഘോഷിച്ചത് പുഷ് അപ് അടിച്ചാണ്. ഒന്നും രണ്ടുമല്ല 15 പുഷ് അപ്.സാരിയുടുത്ത് പുഷ്പം പോലെ 15 പുഷ് അപ് ചെയ്യുന്നത് മറ്റാരുമല്ല.മോഡലും, നടനും, നീന്തല്‍ താരവുമായ മിലിന്ദ് സോമന്റെ അമ്മ ഉഷ സോമനാണ് ആ മുത്തശ്ശി.
ചില്ലറക്കാരിയൊന്നുമല്ല ഉഷ സോമൻ.കഴിഞ്ഞ വര്‍ഷം എണ്‍പതാം ജന്മദിനം ബാലിയില്‍ സ്‌കൂബ ഡൈവിംഗ് ചെയ്താണ് ഈ മുത്തശ്ശി ആഘോഷിച്ചത്.ഈ വര്‍ഷത്തെ ജന്മദിനം ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍ ബന്‍ജീ ജമ്പിംഗിന് തയ്യാറെടുക്കുകയിരുന്നു മുത്തശ്ശി. കൊറോണ കാരണം അത് നടന്നില്ല. മിലിന്ദ് സോമന്‍ തന്നെയാണ് ഉഷ സോമന്റെ വ്യത്യസ്തമായ ബര്‍ത്ത്‌ഡേ ആഘോഷത്തെപ്പറ്റി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്. '2020 ജൂലൈ 3. 81 കിടിലന്‍ വര്‍ഷങ്ങള്‍ ആഘോഷിച്ചത് ലോക്ക്ഡൗണില്‍. 15 പുഷ് അപ്പുമായി പാര്‍ട്ടിയും അങ്കിതയുടെ (മിലിന്ദ് സോമന്റെ ഭാര്യ) വാനില ബദാം കേക്ക് കൊണ്ട് ഒരു ജന്മദിനം,' വീഡിയോയോടൊപ്പം മിലിന്ദ് സോമന്‍ കുറിച്ചു.അമ്മായിയമ്മയ്ക്ക് ആശംസകളുമായി അങ്കിതയും കുറിപ്പു പങ്കുവച്ചു. സൂപ്പര്‍ മോഡലും നടനുമായ മിലിന്ദ് സോമനെപ്പോലെ തന്നെ ആരാധകര്‍ക്ക് പരിചിതമാണ് അദ്ദേഹത്തിന്റെ അമ്മ ഉഷാ സോമനും. ഫിറ്റ്നസില്‍ വിട്ടുവീഴ്ച്ച ചെയ്യാത്ത അമ്മയുടെ നിരവധി വീഡിയോകള്‍ മിലിന്ദ് സമൂഹമാധ്യമത്തില്‍ പങ്കുവെക്കാറുണ്ട്.