ബെയ്ജിംഗ്: കൊവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ മറ്റൊരു മഹാമാരി കൂടി. എലി, അണ്ണാൻ തുടങ്ങിയ ജീവി വർഗങ്ങളിലൂടെ പടരുന്ന ബ്യൂബോണിക് പ്ളേഗാണ് ചൈനയിൽ കണ്ടെത്തിയിരിക്കുന്നത്. ചൈനയുടെ സ്വയംഭരണ പ്രദേശമായ ഇന്നർ മംഗോളിയയിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്. ബ്ളാക് ഡെത്തെന്ന വിളിപ്പേരിലറിയപ്പെടുന്ന രോഗം നാലു പേരിലാണ് കണ്ടെത്തിയിരിക്കുന്നത്. അതിൽ രണ്ടു പേർ ബായനോറിലുള്ളവരാണ്. എലി, അണ്ണാൻ തുടങ്ങിയ ജീവി വർഗങ്ങളെ ഭക്ഷിച്ചതിലൂടെയാകാം ഇവർക്ക് രോഗമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ആരോഗ്യ വകുപ്പ് ഇന്നർ മംഗോളിയയിലും ബായനോറിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ വർഷം അവസാനം വരെ ജാഗ്രതാ മുന്നറിയിപ്പ് തുടരണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമുണ്ട്. രോഗം സ്ഥിരീകരിച്ചവരുമായി ഇടപഴകിയ നൂറിലധികം പേരെയാണ് നിരീക്ഷണത്തിലാക്കിയത്. എലി, അണ്ണാൻ തുടങ്ങിയ ജീവികളുടെ മാസം ഭക്ഷിക്കുന്നതിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. അന്ന് യൂറോപ്പിൽ ഏഴു കോടിയോളം ആളുകളെയാണ് ഈ രോഗം കൊന്നൊടുക്കിയത്.