തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 193 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 92 പേർ വിദേശത്തുനിന്നും 65 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. അതേസമയം ഇന്ന് 35 ആൾക്കാർക്കാണ് സമ്പർക്കത്തിലൂടെ രോഗം വന്നത്. ഇന്ന് 167 പേർ രോഗമുക്തി നേടിയിട്ടുമുണ്ട്. ട്രിപ്പിൾ ലോക്ക്ഡൗണിന്റെ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ നിന്നുമാണ് ജനങ്ങളുമായി സംവദിച്ചത്.
കൊവിഡ് മൂലം രണ്ട് മരണവും സംഭവിച്ചിട്ടുള്ളതായി മുഖ്യമന്ത്രി വ്യക്തമാക്കി. മഞ്ചേരി മെഡിക്കൽ കോളേജിൽ വച്ച് 82 മുഹമ്മദ്, എറണാകുളം മെഡിക്കൽ കോളേജിൽ വച്ച് യൂസഫ് എന്ന് പേരുള്ള 66കാരൻ എന്നിവരാണ് മരണമടഞ്ഞത്. എറണാകുളം 25, തൃശൂർ 14, പാലക്കാട് 8, മലപ്പുറം 35, തിരുവനന്തപുരം 7, കൊല്ലം 11, ആലപ്പുഴ 15, പത്തനംതിട്ട 26, കോട്ടയം 6, ഇടുക്കി 6, കോഴിക്കോട് 15, കണ്ണൂർ 11, കാസർകോട് 6, വയനാട് 8 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് രോഗം ബാധിച്ചവരുടെ കണക്ക്.
ഇന്ന് രോഗം ഭേദമായവരുടെ കണക്ക് ഇനി പറയുന്നു. എറണാകുളം 16, തൃശൂർ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5, തിരുവനന്തപുരം 7, കൊല്ലം 10, ആലപ്പുഴ 7, പത്തനംതിട്ട 27, കോട്ടയം 11, കണ്ണൂർ 10, കാസർകോട് 12. തിരുവനന്തപുരം ജില്ലയിലെ കൊവിഡ് രോഗബാധയുടെ രൂക്ഷതയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. തലസ്ഥാനത്ത് ഗുരുതരമായ സ്ഥിതിയാണ് നിലനിൽക്കുന്നതെന്നും സമ്പർക്കത്തിലൂടെ രോഗം കൂടുന്നത് അതീവ ഗുരുതരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുവരെ 61 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. പലതിന്റെയും ഉറവിടം അറിയില്ല. ഇപ്പോൾ നിയന്ത്രിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ട് പോകും. ആന്റിജൻ ടെസ്റ്റുകൾ വഴി രോഗികളെ കണ്ടെത്തി. പൂന്തുറ, വലിയതുറ, ആറ്റുകാൽ, മണക്കാട്, മേഖലകളിൽ പോസിറ്റീവ് കേസുകൾ കണ്ടെത്തി. രോഗം പോസിറ്റീവ് ആയവരെ കൊവിഡ് കെയർ സെന്ററുകളിലേക്ക് മാറ്റി. മുഖ്യമന്ത്രി വിശദീകരിച്ചു.
മെയ് മാസം മൂന്നാം തീയതി വരെ തിരുവനന്തപുരത്ത് 17 രോഗികളാണ് റിപ്പോർട്ട് ചെയ്തത്. അതിൽ 12 പേരും കേരളത്തിനു പുറത്തു നിന്നു വന്നവരും 5 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചതുമായിരുന്നു. എന്നാൽ മേയ് 4 മുതൽ ഇതുവരെ 277 പേർക്കാണ് തിരുവനന്തപുരം ജില്ലയിൽ രോഗം ബാധിച്ചത്. ഇതിൽ 216 പേർ പുറത്തു നിന്ന് വന്നവരാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.
ജില്ലയിൽ കൊവിഡ് പ്രതിരോധത്തിനായി ശക്തമായ പ്രവർത്തനങ്ങളാണു നടത്തിവന്നത്. ജനങ്ങൾ തിങ്ങി പാർക്കുന്ന നഗരവും, തമിഴ്നാടിനോടു ചേർന്നുമാണ് തിരുവനന്തപുരം ഇരിക്കുന്നത്. അനവധി പേരാണ് തമിഴ്‌നാട്ടിൽ നിന്നും മറ്റും ചികിത്സയ്ക്കായും മറ്റ് ആവശ്യങ്ങൾക്കായും എത്തുന്നത്. ആദ്യ ഘട്ടത്തിൽ വളെരെ കുറച്ച് രോഗികളാണ് ഇവിടെ ഉണ്ടായിരുന്നത്. മുഖ്യമന്ത്രി പറയുന്നു.
24 മണിക്കൂറിനിടെ 9927 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതുവരെ 5622 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2252. വിവിധ ജില്ലകളിലായി 1,83,291 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലായി ഉള്ളത്. 2075 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 384 പേരെ ഇന്ന് ആശുപത്രിയിൽ. ഇതുവരെ ആകെ 2,04,452 സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.