ന്യൂഡൽഹി: കഴിഞ്ഞ ജൂൺ 29ന് ഇന്ത്യയിൽ 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ടിക് ടോക്കിന് പകരമായി ഇന്ത്യയിൽ ജനപ്രീതി നേടിയ ഒരാപ്പാണ് ചിംഗാരി. ടിക് ടോക്ക് നിരോധനത്തിലൂടെ ചിങ്കാരി ആപ്പ് നേടിയ ജനപ്രീതി അതിശയാവഹമാണ്. ഓരോ മണിക്കൂറിലും 1,00,000 പേരാണ് ഈ ആപ്പ് ഡൗൺലോഡ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രണ്ട് ദശലക്ഷം പുതിയ ഉപയോക്താക്കളെയാണ് ചിംഗാരി ആപ്പിന് ലഭിച്ചത്. ടിക് ടോക്ക് പോലുള്ള ഹ്രസ്വ വീഡിയോ ആപ്പാണ് ചിംഗാരി.
ടിക് ടോക് നിരോധിക്കുന്നതിന് മുൻപ് രണ്ടര ദശലക്ഷം ഡൗൺലോഡ് മാത്രമുണ്ടായിരുന്ന ആപ്പ് ജൂൺ 29ന് ശേഷം പത്ത് ദശലക്ഷം പുതിയ ഉപഭോക്താക്കളെ നേടി. ജൂൺ 30 മുതൽ കനത്ത ട്രാഫിക് നേരിട്ടത് കാരണം ഈ ആപ്പിന് ചില സാങ്കേതിക തകരാറുകൾ രേഖപ്പെടുത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിനായി ആമസോൺ വെബ് സർവീസസ് ടീമുമായി ചേർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്നതായി ചിംഗാരിയുടെ ചീഫ് പ്രൊഡക്റ്റ് ഓഫീസർ സുമിത് ഘോഷ് അറിയിച്ചു.
ടിക്ക് ടോക്ക്, ലൈക്ക്, ബിഗോ തുടങ്ങിയ ആപ്ലിക്കേഷനുകൾക്കുള്ള നിരോധനം ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ശൂന്യത സൃഷ്ടിച്ചിരുന്നു. ഇതേ തുടർന്നാണ് റോപോസോ, ഷെയർചാറ്റ്, മിട്രോൺ തുടങ്ങിയ ആപ്പുകൾ ജനപ്രീതി നേടിയത്. ടിക് ടോക്ക് നിരോധനത്തിന് മുമ്പ് 7,00,000 ഡൗൺലോഡുകൾ മാത്രമുണ്ടായിരുന്ന റോപോസോക്ക് ഇപ്പോൾ മണിക്കൂറിൽ 6,00,000 ഡൗൺലോഡുകളിലൂടെ 75 ദശലക്ഷം പുതിയ ഉപയോക്താക്കളെ ലഭിച്ചു. മിത്രോൺ ആപ്ലിക്കേഷനിലെ വീഡിയോ കംപ്രഷൻ അപാകതകൾ പരിഹരിച്ച് കുറഞ്ഞ ഡാറ്റയിൽ വീഡിയോ ഫയലുകൾ കമ്പ്രസ് ചെയ്യാനുള്ള സൗകര്യം ഉപയോക്താക്കൾക്ക് ലഭ്യമാക്കിയിട്ടുണ്ടെന്ന് മിട്രോണിന്റെ സ്ഥാപകനും സിഇഒയുമായ ശിവങ്ക് അഗർവാൾ പറഞ്ഞു.
ഇന്ത്യൻ നിർമ്മിത ആപ്പുകളുടെ പ്രധാന പോരായ്മ എന്തെന്നാൽ ആപ്ളിക്കേഷനുകൾക്ക് കൂടുതൽ ഫീച്ചേഴ്സ് നൽകുന്നതിലാണ് ഡവലപ്പർമാർ ശ്രദ്ധ നൽകുന്നത്, എന്നാൽ അവർ സമയത്തിനും ലാളിത്യത്തിനും പ്രാധാന്യം നൽകുന്നില്ല എന്ന് ടെക്നോളജി പോളിസി കൺസൾട്ടന്റ് പ്രസാന്തോ കെ. റോയ് പറഞ്ഞു. ഇതിലെ പോരായ്മകൾ മനസിലാക്കി പരിഹാരം കാണുന്നതിനായി വിദഗ്ദ യൂസർ എക്സ്പീരിയൻസ് ടീമിനെ നിയോഗിച്ചതായി ചിങ്കാരി ആപ്പിന്റെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കൂടാതെ ചൈനീസ് ആപ്പിന്റെ പ്രധാന പോരായ്മയായ പ്രൈവസി പ്രശ്നങ്ങൾക്ക് മുൻഗണന നൽകിയാണ് ചിങ്കാരി ആപ്പ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്നും ചീഫ് പ്രൊഡക്റ്റ് ഓഫീസർ സുമിത് ഘോഷ് അറിയിച്ചു.