madagascar

ആന്റനനറീവോ : കൊറോണയെ തുരത്തുമെന്നവകാശപ്പെട്ട് പുറത്തിറക്കിയ ഔഷധത്തിനും വൈറസ് വ്യാപനം തടയാൻ കഴിയാതെ വന്നതോടെ വീണ്ടും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മഡഗാസ്കർ. കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ തലസ്ഥാന നഗരമായ ആന്റനനറീവോ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് സർക്കാർ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. മദ്ധ്യ മഡഗാസ്കറിലെ അനലാമാൻഗാ പ്രദേശമാണ് ഇന്ന് മുതൽ ജൂലയ് 20 വരെ ലോക്ക്ഡൗണിൽ കഴിയുന്നത്. രാവിലെ ആറ് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ അവശ്യ സാധനങ്ങളും മറ്റും വാങ്ങാൻ വീട്ടിലെ ഒരംഗത്തിന് പുറത്തു പോകാം.

ഏതാനും കടകൾക്കും മെഡിക്കൽ സ്റ്റോറുകൾക്കും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ അനുവാദമുള്ളു. പൊതുഗതാഗതം ഇല്ല. നിലവിൽ 3,250 പേർക്കാണ് മഡഗാസ്കറിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 33 പേർ മരിച്ചു.

നേരത്തെ ഏപ്രിലിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ മഡഗാസ്കറിൽ മേയിൽ ഹൈസ്കൂളുകൾ ഉൾപ്പെടെയുള്ളവ വീണ്ടും തുറന്നിരുന്നു. ഇതിനിടെയാണ് കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന ഔഷധം എന്ന പേരിൽ ' കൊവിഡ് ഓർ‌ഗാനി‌ക്‌സ് ' എന്ന മരുന്ന് മഡഗാസ്കറിന്റെ പ്രസിഡന്റായ ആൻഡ്രി രജോലിന അവതരിപ്പിച്ചത്. 310 ഗ്രാം ബോട്ടിലിന് 30 സെന്റ് നിരക്കിൽ ഈ മരുന്ന് രാജ്യവ്യാപകമായി വിതരണം ചെയ്തിരുന്നു.

മഡഗാസ്കറിലെ ഈ ഔഷധത്തിന്റെ ഗുണങ്ങൾ ശാസ്ത്രീയമായ പരീക്ഷിക്കപ്പെട്ടിട്ടില്ലെന്ന് മാത്രമല്ല, കൊവിഡ് 19നെതിരെ ഈ മരുന്ന് ഗുണം ചെയ്യുമെന്നതിന് യാതൊരു തെളിവുമില്ല. പാവപ്പെട്ടവർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും ഈ മരുന്ന് സൗജന്യമായിരുന്നു. മഡഗാസ്കറിലെ പരമ്പരാഗത ഔഷധ സസ്യങ്ങളിൽ കഴിഞ്ഞ 30 വർഷങ്ങളായി ഗവേഷണങ്ങൾ നടത്തുന്ന മലഗാസി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അപ്ലൈഡ് റിസേർച്ച് എന്ന സ്വകാര്യ സ്ഥാപനമാണ് ' കൊവിഡ് ഓർ‌ഗാനിക്സ് ' എന്ന മരുന്നിന്റെ നിർമാതാക്കൾ.

ഔഷധച്ചെടിയായ ആർടെമിസിയയിൽ നിന്നാണ് ഈ മരുന്നുണ്ടാക്കിയിരിക്കുന്നതെന്നാണ് രജോലിന പറഞ്ഞിരുന്നത്. ഇത്തരത്തിൽ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത മരുന്നുകളുടെ ഉപയോഗത്തിനെതിരെ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും മഡഗാസ്കറിലെ ഈ ഔഷധം ടാൻസാനിയ അടക്കമുള്ള നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ ഇറക്കുമതി ചെയ്തിരുന്നു.