മുംബയ്: ക്യാപ്ടൻ വിരാട് കൊഹ്‌ലിയുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് 2017ൽ അനിൽ കുംബ്ലെ രാജിവച്ചതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാമോയെന്ന് ചോദിച്ച് രാഹുൽ ദ്രാവിഡിനെ സമീപിച്ചിരുന്നതായി ബി.സി.സി.ഐയുടെ ഇടക്കാല ഭരണസമിതി അദ്ധ്യക്ഷനായ വിനോദ് റായ് വെളിപ്പെടുത്തി. എന്നാൽ കുടുംബത്തിന്പ്രഥമ പരിഗണന നൽകിയ ദ്രാവിഡ് തങ്ങളുടെ ആവശ്യം നിരസിച്ചുവെന്ന് സ്പോർട്സ് ക്രീഡയ്ക്ക് നൽകിയ അഭിമുഖത്തിൽ വിനോദ് റായ് വ്യക്തമാക്കി.

രാഹുൽ ഞങ്ങളുടെ പ്രഥമ പരിഗണനയിലുള്ളയാളായിരുന്നു. അദ്ദഹവുമായി ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നത്. ഇന്ത്യൻ ടീമിന്റെ പരിശീലകനാകാമോയെന്ന് ചോദിച്ചപ്പോൾ ആദ്ദേഹം പറഞ്ഞു,​ നോക്കൂ എന്റെ വീട്ടിൽ രണ്ട് ആൺകുട്ടികൾ വളർന്നുവരുന്നുണ്ട്. ഇതുവരെ ഇന്ത്യൻ ടീമിനൊപ്പം ലോകം മുഴുവൻ സഞ്ചരിക്കുകയായിരുന്നു. അതിനാൽ കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധയും കരുതലും നൽകാൻ കഴിഞ്ഞില്ല. ഇനി വീട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കണമെന്നാണ് ആഗ്രഹം.- ഇങ്ങനെ പറഞ്ഞ് ദ്രാവിഡ് തങ്ങളുടെ ആവശ്യം നിരസിക്കുകയായിരുന്നുവെന്ന് വിനോദ് റായ് വെളിപ്പെടുത്തി.

അതേസമയം ഇന്ത്യൻ എ ടീമിന്റെയും അണ്ടർ-19 ടീമിന്റെയും പരിശീലകനായിരുന്ന ദ്രാവിഡ് ആ ചുമതലയിൽ തുടരാൻ ഏറെ താത്പര്യം കാണിച്ചിരുന്നുവെന്നും റായ് പറഞ്ഞു.

കഴിഞ്ഞ വർഷം ദ്രാവിഡ് നാഷണൽ ക്രിക്കറ്റ് അക്കാഡമിയുടെ തലവനായി.