pinarayi

തിരുവനന്തപുരം: സ്വർണക്കടത്ത് വിഷയത്തിൽ പ്രതി ചേർക്കപ്പെട്ട മുൻ ഐ.ടി ഉദ്യോഗസ്ഥ സ്വപ്ന സുരേഷുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 'ഏതെങ്കിലും ഒരു കാര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും മുഖ്യമന്ത്രിയെയും എങ്ങനെയെങ്കിലുമൊക്കെ പെടുത്താൻ ആകുമോ എന്നാണ് ചിലർ ഇവിടെ ആലോചിച്ച് നടക്കുന്നുണ്ട്' എന്നാണ് അദ്ദേഹം പ്രതികരിച്ചത്.

അതിന്റെ ഭാഗമായാണ് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ ആരോപണം വന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസ് തന്നെയാണെന്നും സുരേന്ദ്രൻ മനസിലാക്കണമെന്നും അത് കൃത്യമായി അന്വേഷിക്കുമെന്ന് തന്നെയാണ് താൻ കരുതുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'തെറ്റ് ചെയ്ത ഒരാളെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്നും കഴിഞ്ഞ നാല് വർഷക്കാലത്തിലൂടെ ജനങ്ങൾക്ക് ബോദ്ധ്യമായിട്ടുണ്ട്. അത് കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാക്കുകൊണ്ട് ആവില്ല എന്നുമാത്രമേ എനിക്ക് അദ്ദേഹത്തോട് പറയാനുള്ളൂ. എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള നാക്കുണ്ടെന്ന് വച്ച് എന്തും വിളിച്ചുപറയുന്ന നില സ്വീകരിക്കരുത്. അത് പൊതുസമൂഹത്തിന് ചേർന്ന കാര്യമല്ല. ' മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്തിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതികൾ ആരും രക്ഷപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണം ശരിയായ ദിശയിൽ തന്നെ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിന് എങ്ങനെയാണ് സര്‍ക്കാര്‍ ജോലി നല്‍കിയതെന്ന് അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.