zafar-mirza

ഇ‌സ്‌ലാമാബാദ് : പാക് ആരോഗ്യമന്ത്രി ഡോ. സഫർ മിർസയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാനിൽ ആരോഗ്യമന്ത്രിയ്ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്. നേരിയ ലക്ഷണങ്ങൾ പ്രകടമാക്കിയ മിർസ ഇപ്പോൾ വീട്ടിൽ ഐസൊലേഷനിൽ കഴിയുകയാണ്. പാകിസ്ഥാനിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നയാളാണ് മിർസ. വെള്ളിയാഴ്ചയാണ് വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.

രാഷ്ട്രീയ മേഖലയിലുള്ള നിരവധി പേർക്കാണ് പാകിസ്ഥാനിൽ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. നാഷണൽ അസംബ്ലി സ്പീക്കർ ആസാദ് ഖ്വൈസർ, നാഷണൽ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫ്, സിന്ധ് പ്രവിശ്യാ ഗവർണർ ഇമ്രാൻ ഇസ്മയിൽ, പീപ്പിൾസ് പാർട്ടി നേതാവ് സയീദ് ഘാനി, റെയിൽവേ മന്ത്രി ഷെയ്ഖ് റഷീദ് എന്നിവ‌ർ രോഗമുക്തരായി.

മുൻ ബലൂചിസ്ഥാൻ ഗവർണ‌ർ സയീദ് ഫസൽ ആഖ, തഹ്‌രീക് ഇ ഇൻസാഫ് പാർട്ടി നേതാക്കളായ ഷഹീൻ റാസ, മിയാൻ ജാംഷെദൂദ് ദിൻ കാഖേൽ, സിന്ധ് പ്രവിശ്യയിലെ മന്ത്രി ഗുലാം മുർത്താസ ബലോച് എന്നിവർ കൊവിഡ് ബാധിച്ച് മരിച്ച രാഷ്ട്രീയ പ്രവർത്തകരിൽ ഉൾപ്പെടുന്നു.

ഇതേവരെ 231,818 പേർക്കാണ് പാകിസ്ഥാനിൽ കൊവിഡ് സ്ഥിരീകരിച്ചത്. 4,762 പേർ മരിച്ചു.