കാസർകോട്: അധോലോകനായകൻ രവി പൂജാരിയുമായി ബന്ധമുള്ള കാസർകോട്ട് ആയുധകടത്ത് കേസ് ക്രൈംബ്രാഞ്ച് പുനരന്വേഷിക്കുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി നൽകിയ ശുപാർശയ്ക്ക് ഡി. ജി.പിയുടെ അനുമതി ലഭിച്ചു. 2013 ൽ കൊല്ലപ്പെട്ട ഗുണ്ടാത്തലവൻ കാലിയ റഫീഖിൽ നിന്ന് വിദ്യാനഗർ പൊലീസ് ആയുധങ്ങൾ പിടിച്ചെടുത്ത കേസാണിത്.
രവി പൂജാരിക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന് തച്ചങ്കരിക്ക് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് പുതിയ അന്വേഷണം. മാസങ്ങൾക്ക് മുമ്പ് പിടിയിലായ രവിപൂജാരിയെ ബംഗളുരുവിൽ വച്ച് തച്ചങ്കരി ചോദ്യം ചെയ്തിരുന്നു. മുംബയിൽ നിന്നും കേരളത്തിലേക്ക് ആയുധം കടത്തുന്നതിനായി രവി പൂജാരി കാലിയ റഫീഖിനെ ഉപയോഗപെടുത്തിയിരുന്നോയെന്നാണ് പുനരന്വേഷണത്തിൽ വ്യക്തമാകേണ്ടത്.