dil-bechara

കൊച്ചി: നടന്‍ സുശാന്ത് സിംഗ് രാജ്പുത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദില്‍ ബേചാരാ.ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ടാണ് സുശാന്ത് സിംഗ് രാജ്പുതിന്റെ സിനിമയായ ദില്‍ ബേചാരാ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്നത്. പ്രണയത്തിന്റെയും വിരഹത്തിന്റെയും പ്രതീക്ഷയുടേയും ഓര്‍മ്മകളുടേയും കഥയാണ് ചിത്രം പറയുന്നത്.ജോണ്‍ ഗ്രീന്‍ എഴുതിയ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ് എന്ന നോവലില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

ഹോളിവുഡിൽ നോവലിന്റെ അതേ പേരില്‍ 2014ല്‍ സിനിമ പുറത്തിറങ്ങിയിട്ടുമുണ്ട്. ചിത്രം ഈ മാസം 24-ന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസിനെത്തുകയാണ്.അതിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകർ ഇപ്പോള്‍.ഹൃദയ സ്പര്‍ശിയായ ഒരു പ്രണയ കഥയാണ് ദില്‍ ബേച്ചാരാ എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നു. പുതുമുഖം സഞ്ജനാ സംഘിയാണ് ചിത്രത്തിലെ നായികയായി എത്തുന്നത്.സെയിഫ് അലിഖാനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. നവാഗതനായ മുകേഷ് ചാബ്ര സംവിധാനം ചെയ്ത ചിത്രമായ ദില്‍ ബേച്ചാരായുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ.ആര്‍ റഹ്മാനാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.

സുശാന്തിന്റെ അകാലവിയോഗം നിരവധി സുഹൃത്തുക്കളെയും ആരാധകരെയും തളര്‍ത്തി.അദ്ദേഹത്തോടുള്ള സ്‌നേഹവും ആദരവും കണക്കിലെടുത്ത് സിനിമ സൗജന്യമായി കാണുന്നതിനായി ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രൈബ് ചെയ്തവര്‍ക്കും അല്ലാത്തവര്‍ക്കും അവസരം ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകനും നായികയും ഉള്‍പ്പെടെയുള്ളവര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു.ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രം മേയ് എട്ടിനായിരുന്നു റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് റിലീസ് മാറ്റി വെക്കുകയായിരുന്നു.